exam

₹ഫോക്കസ് ഏരിയയിൽ മാറ്റം വേണമെന്നാവശ്യം

തിരുവനന്തപുരം: ആശങ്കകൾക്കിടെ, സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്താനൊരുങ്ങി സർക്കാരും ഹയർ സെക്കൻഡറി വകുപ്പും. പ്ളസ് ടു പ്രാക്ടിക്കൽ തിയറി പരീക്ഷയ്ക്കു മുൻപ് നടത്തരുതെന്നും ,പരീക്ഷ ഏപ്രിൽ അവസാനത്തേക്കോ മേയ് ആദ്യ വാരത്തിലേക്കോ മാറ്റണമെന്നുമുള്ള അദ്ധ്യാപകരുടെയും,വിദ്യാർത്ഥികളുടെയും ആവശ്യം അംഗീകരിക്കില്ല. ഫോക്കസ് ഏരിയയിൽ നിന്നേ ചോദ്യങ്ങളുണ്ടാകൂവെന്ന് സർക്കാർ പറയുന്നു.

പ്ളസ് ടു തിയറി പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കുമെങ്കിലും, പാഠഭാഗങ്ങൾ 50 ശതമാനം പോലും പൂർത്തിയായിട്ടില്ല. 31 മുതൽ ഫെബ്രുവരി നാല് വരെ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയാണ്. അദ്ധ്യാപകർ മൂല്യനിർണയത്തിന് പോകുന്നതോടെ, ഫെബ്രുവരി 12 വരെ ക്ലാസ് മുടങ്ങും. ഫെബ്രുവരി

21ന് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ളസ് ടു പ്രാക്ടിക്കൽ ക്ളാസുകൾ ഇനിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം 40 ശതമാനമായിരുന്ന ഫോക്കസ് ഏരിയ ഈ വർഷം 60 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രാക്ടിക്കൽ തിയറി പരീക്ഷയ്ക്ക് ശേഷമാക്കണമെന്ന് അദ്ധ്യാപക സംഘടനകളും ആവശ്യപ്പെടുന്നു .

അടുത്തയാഴ്ചയോടെ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം നടപ്പിലാകുമ്പോൾ, വടക്കൻ ജില്ലകളിൽ പല വിഷയങ്ങളിലും അദ്ധ്യാപകരില്ലാത്ത സ്ഥിതിയും വരും. ഇതിനും പരിഹാരം കാണണമെന്നും അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു.എന്നാൽ നിലവിൽ സർക്കാർ തീരുമാനിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.എസ്.എസ്.വിവേകാനന്ദൻ പറഞ്ഞു

'അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്താതെ പരീക്ഷ ടൈംടേബിൾ തീരുമാനിച്ചത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കും'.

-എസ്. മനോജ്,

ജനറൽ സെക്രട്ടറി,

എ.എച്ച്.എസ്.ടി.എ.

'ഫോക്കസ് ഏരിയ ഏതൊക്കെയാണെന്ന് നവംബറിൽ തന്നെ അറിയിച്ചിരുന്നെങ്കിൽ ആശങ്കകൾ ഉണ്ടാവില്ലായിരുന്നു. ഫോക്കസ് ഏരിയയിൽ മാറ്റം വരുത്താൻ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട് '.

എം. സലാഹുദ്ദീൻ,

പ്രസിഡന്റ്,

കെ.പി.എസ്.ടി.എ