
കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ പ്ലാവിള വീട്ടിൽ സുദർശനൻ - നിർമ്മല ദമ്പതികളുടെ മകൻ അനീഷ് (39) മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. ഭാര്യയുമായുള്ള വഴക്കിൽ ഭാര്യ കള്ളക്കേസ് കൊടുത്തതിന്റെ മനോവിഷമത്തിലാണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഡിസംബർ 18ന് വാമനപുരം നദിയിൽ പൂവൻപ്പാറ ഭാഗത്താണ് അനീഷിനെ മരിച്ച നിലയിൽ കണ്ടതായി വീട്ടുകാർ അറിയുന്നത്. ഭാര്യ വീട്ടിലാണ് അനീഷ് താമസിച്ചിരുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് അനീഷ് ഫോണിൽ വിളിച്ച് ഭാര്യയെക്കുറിച്ച് സംസാരിച്ചതായി മാതാവ് നിർമ്മല പറയുന്നു. അനീഷിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കടയ്ക്കാവൂർ പൊലീസിലാണ് പരാതി നൽകിയത്.