തിരുവനന്തപുരം: അഭിഭാഷക വൃത്തിയിൽ അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ട തലസ്ഥാനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ വിജിലൻസ് കമ്മിഷണറും അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറിയുമായ അഡ്വ. ചെറുന്നിയൂർ ശശിധരൻ നായരെ കേരള ലായേഴ്സ് ക്ലബ് ആദരിക്കും.
ഇന്ന് വൈകിട്ട് 3.30ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങ് സ്‌പീക്കർ എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്‌ജി കെ. വിനോദ് ചന്ദ്രൻ ഉപഹാരം നൽകും. എം. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.
1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻ നായരുടെയും ജൂനിയറായാണ് ചെറുന്നിയൂർ ശശിധരൻ നായർ തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. 1970ൽ വഞ്ചിയൂരിൽ ചെറുന്നിയൂർ ലാ സെന്റർ സ്ഥാപിച്ചു. 1981ൽ സംസ്ഥാന വിജിലൻസ് ട്രൈബ്യൂണൽ ആയി നിയമിതനായി. 1993ൽ വിരമിച്ചു. ഇതേ കാലയളവിൽ സെയിൽസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായും പ്രവർത്തിച്ചു. കെ.ആർ. ഗൗരിഅമ്മ, ഇമ്പിച്ചിബാവ, എം.കെ. കൃഷ്ണൻ, പി. ഗോവിന്ദപിള്ള എന്നിവർക്കുവേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്.
അഴിമതിക്കെതിരായ വി.എസ്. അച്യുതാനന്ദന്റെ പോരാട്ടങ്ങളിൽ നിയമോപദേഷ്ടാവായും പ്രവർത്തിച്ചു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ ലീഗൽ കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. 2018ൽ മിനർവ ശിവാനന്ദൻ സ്‌മാരക സമിതിയുടെ ആദരവ് വി.എസിൽ നിന്നു ഏറ്റുവാങ്ങിരുന്നു. 1966 മുതൽ സി.പി.എം പാർട്ടി അംഗമായ അദ്ദേഹം കെ.ടി.ഡി.സി ജീവനക്കാരുടെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ജീവനക്കാരുടെയും യൂണിയനുകളുടെ പ്രസിഡന്റുമാണ്.