
കാട്ടാക്കട: ആയോധന കലയിൽ പലവിധ റെക്കാഡ് നേട്ടങ്ങളുണ്ടെങ്കിലും ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നഞ്ചക്ക് കൈവിട്ടു കറക്കി റെക്കാഡ് കൈവരിച്ചിരിക്കുകയാണ് അരൂജ്. കുറ്റിച്ചൽ കോട്ടൂർ മാങ്കുടി ഉഷാഭവനിൽ കുട്ടൻ - ഉഷാകുമാരി ദമ്പതികളുടെ മകൻ അരൂജാണ് വൃത്യസ്ത ഇനത്തിൽ റെക്കാഡ് കരസ്ഥമാക്കിയിരിക്കുന്നത്.
കൈവിരലുകൾക്കിടയിലൂടെ നഞ്ചക്ക് അതിവേഗം കറക്കി നഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്, കലാം വേൾഡ് റെക്കാഡ്, നോബൽ വേൾഡ് റെക്കാഡ്, ബ്രാവോ ഇന്റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റെക്കാഡ് എന്നിങ്ങനെ ആറ് റെക്കാഡുകളാണ്.
പതിനഞ്ച് മിനിട്ട് തുടർച്ചയായി നഞ്ചക്ക് അനായാസം കറക്കിയാണ് ഈ നേട്ടം കൈവരിച്ചത്. 5 വയസ് മുതൽ കുങ്ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ് ഫു അഭ്യസിക്കുന്ന അരൂജ് തിരുവനന്തപുരത്തെ സീനിയർ ഇൻസ്ട്രക്ടറാണ്.
പെനാക് സിലാട്ട് കേരള സ്റ്റേറ്റ് സെക്രട്ടറിയായ എസ്.കെ. ഷാജാണ് ഗുരു. തന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി സെൽഫ് ഡിഫെൻസ് ബൈ അരൂജ് (Self Defence by Arooj)എന്ന യൂ ട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഭാര്യ: സംഗീത സത്യൻ.