തിരുവനന്തപുരം: തലച്ചോറിൽ രക്തസ്രാവമുണ്ടായി അതീവ ഗുരുതരാവസ്ഥയിലായ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ ഡോക്ടർമാർ. നവജാത ശിശുക്കൾക്ക് ജനനസമയത്ത് ലഭ്യമാക്കുന്ന വിറ്റാമിൻ കെയുടെ അഭാവത്താൽ അപൂർവമായുണ്ടാകുന്ന രക്തസ്രാവമാണ് പരിഹരിച്ചത്. തലച്ചോറിൽ ഗുരുതര രക്തസ്രാവവുമായി ( ഇൻട്രാ ക്രാനിയൽ ബ്ലീഡിംഗ്) കിംസ്‌ഹെൽത്തിൽ പ്രവേശിപ്പിച്ച ആൺകുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം വിറ്റമിൻ കെ നൽകിയപ്പോൾ പൂർണ ആരോഗ്യത്തിലേക്കെത്തിക്കാനായെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് ന്യൂറോസർജൻ ഡോ. ശ്രീജിത്ത് എം.ഡി പറഞ്ഞു. അനസ്‌ത്യേഷ്യോളജി സീനിയർ കൺസൾട്ടന്റും ചീഫ് കോ - ഓർഡിനേറ്ററുമായ ഡോ. ജേക്കബ് ജോൺ തിയോഫിലിസും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ശിശുരോഗ വിദഗ്ദ്ധരായ ഡോ. നീതു ഗുപ്ത, ഡോ. ഷിജു കുമാർ, ഡോ. നിഷ എൻ.യു. നായർ, ഡോ. ഹേമ.സി എന്നിവരും ചികിത്സാസംഘത്തിലുണ്ട്.