
ആറ്റിങ്ങൽ: തോവാളയിൽ മാത്രമല്ല നമ്മുടെ പറമ്പുകളിലും പൂകൃഷിയിൽ വരുമാനമുണ്ടാക്കമെന്ന് തെളിയിച്ചിരിക്കുകയാണ് ഷീബ എന്ന വീട്ടമ്മ. മുദാക്കൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മുൻ മെമ്പറായിരുന്ന ഷീബയാണ് ജമന്തി പൂകൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നത്.
ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ജമന്തി പൂക്കളുടെ വർണ്ണമാണ് ഷീബയുടെ അധ്വാനത്തിൽ വിസ്മയ കാഴ്ചയാകുന്നത്. കൃഷിയോടുള്ള താത്പര്യം കുട്ടിക്കാലത്തെ ഉണ്ടായിരുന്ന ഷീബ മുൻ കാലങ്ങളിൽ വീട്ടിലൊരുക്കിയ പച്ചക്കറി കൃഷിയിലും നൂറു മേനി വിളവെടുത്ത് ശ്രദ്ധ നേടിയിരുന്നു. പൂകൃഷി ഇതാദ്യമായാണ് ചെയ്തത്. സമീപത്തെ പൂക്കടകളിൽ നിന്നും ആഘോഷങ്ങൾക്കും ക്ഷേത്രങ്ങൾക്കുമെല്ലാം നാടൻ പൂവ് തേടി നിരവധിപേർ ഈ തോട്ടത്തിൽ എത്താറുണ്ട്.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ 2021-22സാമ്പത്തിക വർഷത്തിൽ ലൂസ് ഫ്ലവർ കൾട്ടിവേഷൻ സ്കീമിന്റെ ഭാഗമായി മുദാക്കൽ കൃഷിഭവനിൽ നിന്ന് ലഭിച്ച ജമന്തി വിത്തുകളാണ് ഷീബയെ പൂകൃഷിയിലേക്ക് എത്തിച്ചത്.
പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. ജമന്തി ചെടിയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ നിറയെപൂക്കുന്നുമുണ്ട്. അടുത്ത വർഷം കൂടുതൽ സ്ഥലത്തേക്ക് ജമന്തി കൃഷി വ്യാപിപ്പിക്കണമെന്നാണ് ഷീബയുടെ മോഹം. 2015ൽ ഗ്രൂപ്പ് കൃഷിക്കുള്ള അവാർഡും ഷീബ നേടിയിരുന്നു.