
കുറ്റിച്ചൽ: കുറ്റിച്ചലിലെ രാഷ്ട്രീയ കാരണവർ കോട്ടൂർ സുധാകരൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി. നാട്ടുകാരുടെ ഇഷ്ട നേതാവും സുഹൃത്തുമായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനുള്ള അദ്ദേഹത്തിനുള്ള കഴിവ് എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്. കുറ്റിച്ചൽ, കോട്ടൂർ മേഖലകളിൽ എല്ലാ കാര്യങ്ങൾക്കും നിറഞ്ഞുനിന്ന ആളായിരുന്നു. നാട്ടുകാർക്ക് വേണ്ടി ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടുള്ള അദ്ദേഹത്തിന് എതിരാളികൾ ഇല്ലായിരുന്നു. പാർട്ടി പരിപാടികളിൽ സജീവസാന്നിദ്ധ്യമായിരുന്ന അദ്ദേഹം സാമൂഹികവും സാംസ്കാരികവുമായ എല്ലാ പരിപാടികളിലും നിറഞ്ഞുനിന്നു.
കുറ്റിച്ചലും കോട്ടൂരിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറപാകിയ വ്യക്തിയായിരുന്നു 1975ലായിരുന്നു സി.പി.എമ്മിൽ അംഗമായത്. നാലുവർഷം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും മൂന്നുവർഷം ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കർഷക സംഘത്തിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കർഷക സംഘം കാട്ടാക്കട ഏരിയാകമ്മിറ്റി വൈസ് പ്രസിഡന്റായും കുറ്റിച്ചൽ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പറായും മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആധാരം എഴുത്തുകാരുടെ സംഘടനയായ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കോട്ടൂർ സർഗ്ഗ ധന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരികളിൽ ഒരാളായിരുന്നു.
എം.എൽ.എ മാരായ ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുറ്റിച്ചൽ വേലപ്പൻ,പരുത്തിപ്പള്ളി ചന്ദ്രൻ,കോൺഗ്രസ് നേതാവ് ഗിരീശൻ,എൻ.വിജയകുമാർ,കൃഷ്ണപിള്ള,കൃഷ്ണകുമാരി,തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.ഇന്നലെ വൈകിട്ട് കോട്ടൂരിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.