sivalinka-dasa-swami-sama

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ പ്രഥമശിഷ്യനായ ശിവലിംഗദാസ സ്വാമികളാണ് ഗുരുദേവകൃതികളുടെ ആദ്യ വ്യാഖ്യാതാവെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവലിംഗദാസ സ്വാമികളുടെ 104-ാമത് സമാധിവാർഷികാചരണത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1908ൽ ജനനീ നവരത്ന മഞ്ജരിക്കും 1911ൽ മുനിചര്യാപഞ്ചകത്തിനും ശിവലിംഗദാസ സ്വാമികൾ വ്യാഖ്യാനങ്ങൾ രചിച്ചു. മുനിചര്യാപഞ്ചകം രമണമഹർഷിയെക്കുറിച്ചുള്ള കൃതിയാണെന്ന തെറ്റിദ്ധാരണ ഈ വ്യാഖ്യാനത്തിലൂടെയാണ് നീക്കപ്പെട്ടത്. അതുപോലെ ആത്മോപദേശശതകം ഗുരുദേവന്റെ തിരുനാവിൽ നിന്ന് ആദ്യമായി പകർത്തിയെഴുതിയതും ശിവലിംഗദാസ സ്വാമികളാണ്. സ്വാമികളുടെ പ്രധാന ശിഷ്യനാണ് മലയാള സ്വാമി. ആന്ധ്രക്കാരുടെ ശ്രീനാരായണഗുരുദേവനായാണ് മലയാള സ്വാമി (സ്വാമി അസംഗാനന്ദ ഗിരി) അറിയപ്പെടുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാവിലെ ശിവഗിരിമഠത്തിലെ പർണ്ണശാലയിൽ വിശേഷാൽപൂജ, പ്രാർത്ഥന എന്നിവയോടെയാണ് സമാധിദിനാചരണച്ചടങ്ങ് തുടങ്ങിയത്. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ഗോവിന്ദാനന്ദ, ബ്രഹ്മവിദ്യാലയത്തിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.