
രണ്ടു രോഗികളിൽ വിജയകരമായി പൂർത്തിയാക്കി
തിരുവനന്തപുരം: ഗുരുതരമായ അയോർട്ടിക് സ്റ്റിനോസിസ് രോഗം ബാധിച്ച രോഗിയിൽ ഓപ്പൺ ഹാർട്ട് സർജറി കൂടാതെ ഹൃദയ വാൽവ് മാറ്റി വയ്ക്കുന്ന ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) ചികിത്സ അനന്തപുരി ആശുപത്രിയിൽ നടത്തിയതായി ചെയർമാൻ പ്രൊഫ. ഡോ. എ. മാർത്താണ്ഡപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അനന്തപുരി ആശുപത്രിയിലെ കാർഡിയോ വാസ്കുലാർ സെന്ററിൽ 70ഉം 78 ഉം വയസുള്ള രണ്ട് രോഗികളിലാണ് ടാവി ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ഹൃദയത്തിൽ നിന്നും രക്തം പമ്പ് ചെയ്ത് ധമനികളിലെത്തിക്കാൻ ആവശ്യമായ അയോർട്ടിക് വാൽവ് ചുരുങ്ങുന്നതുമൂലമുണ്ടാകുന്ന രോഗമാണ് അയോർട്ടിക് സ്റ്റിനോസിസ്. നെഞ്ചിൽ മുറിവുണ്ടാക്കാതെ കത്തീറ്ററിൽ കൂടി വാൽവ് കടത്തി കേടായത് മാറ്റി പുതിയ ബയോപ്രോസ്റ്റിറ്റിക് വാൽവ് വയ്ക്കുന്ന രീതിയാണ് ടാവി ചികിത്സ. 75 വയസ് കഴിഞ്ഞ നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാവാൻ പ്രയാസമുള്ള രോഗികളിലാണ് ഇത് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 60നും 70നും ഇടയിലുള്ളവരിലും ഈ ചികിത്സ നടത്തുന്നുണ്ട്. ശസ്ത്രക്രിയ ആവശ്യമില്ല, പെട്ടെന്ന് സുഖം പ്രാപിക്കും, നെഞ്ചിൽ പാടുകളുണ്ടാകില്ല, കുറഞ്ഞദിവസത്തെ ആശുപത്രിവാസം,ചെറിയ വേദന, ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടും എന്നിവയാണ് ടാവി ചികിത്സയുടെ പ്രയോജനങ്ങളെന്ന് അനന്തപുരി ആശുപത്രി കാർഡിയോ വാസ്കുലർ സെന്റർ ചെയർമാൻ പ്രൊഫ. ഡോ. സി.ജി. ബാഹുലേയൻ വിശദീകരിച്ചു. വാൽവിന് 15.5 ലക്ഷം രൂപയാണ് വില. 18 ലക്ഷം രൂപ ചെലവിൽ വാൽവ് മാറ്റിവയ്ക്കാനാകും. ജനങ്ങൾ കൂടുതലായി ഈ രീതിയിലുള്ള ചികിത്സ ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ വാൽവിന്റെയും ചികിത്സയുടെയും ചെലവ് കുറയുന്ന സാഹചര്യമുണ്ടാകുമെന്നും ബാഹുലേയൻ പറഞ്ഞു. ഡോ. ആനന്ദ് മാർത്താണ്ഡ പിള്ള, ഡോ.ബാലചന്ദ്രൻനായർ, ഡോ.മഹാദേവൻ നായർ, ഡോ. എം. ഷിഫാസ് ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.