തിരുവനന്തപുരം: നഗരസഭയിൽ അപേക്ഷകൾ തീർപ്പാക്കുന്നില്ല,​ അനധികൃത ലൈസൻസ് നൽകൽ തുടങ്ങിയ ഗുരുതരണ ക്രമക്കേടുകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ തുടർച്ചയായി നഗരസഭാ ആസ്ഥാനത്തും വിവിധ സോണലുകളിലും നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. റവന്യു വിഭാഗത്തിലാണ് കൂടുതൽ തിരിമറികൾ കണ്ടെത്തിയത്. 611 അപക്ഷകളാണ് വിവിധ മുടക്ക് ന്യായങ്ങൾ നിരത്തി തടഞ്ഞുവച്ചിരിക്കുന്നതായി കണ്ടെത്തിയത്. കെട്ടിട ടാക്സ് അസസ്‌മെന്റ്, ഉടമസ്ഥാവകാശം, കൈവശാവകാശം, പെർമ്മിറ്റ് തുടങ്ങിയ അപേക്ഷളാണ് തടഞ്ഞുവച്ചിരിക്കുന്നത്. ബി.പി.എൽ കുടുംബത്തിലുള്ളവരുടെ അപേക്ഷളാണ് ഇതിൽ കൂടുതലും. ഇതുകൂടാതെ 81 പരസ്യബോർഡുകൾക്ക് അനധികൃത ലൈസൻസ് നൽകിയെന്നും കണ്ടെത്തി. ആരോഗ്യ വിഭാഗത്തിൽ 2014 മുതൽ 2018 വരെ കടകളുടെ ലൈസൻസിനായി സമർപ്പിച്ച അപേക്ഷളും കാരണമില്ലാതെ തട‍ഞ്ഞുവച്ചിട്ടുണ്ട്. മരമാത്ത് വകുപ്പിൽ നിയമം ലംഘിച്ച് പെർമിറ്റുകൾക്ക് അനുമതി നൽകിയതായും,​ അനുമതി നൽകിയ പെർമിറ്റ് അർഹതയുള്ളവർക്ക് നൽകാതെ പിടിച്ചുവച്ചിരിക്കുന്നതായും കണ്ടെത്തി. മേയറുടെ പരാതി പരിഹാര സെല്ലിൽ ഇവയ്ക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാതായതോടെയാണ് കെട്ടിട ഉടമകൾ വിജിലൻസിൽ പരാതി നൽകിയത്. കഴക്കൂട്ടം സോണൽ ഓഫീസിൽ അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതായും,​ ആറ്റിപ്ര സോണൽ ഓഫീസിൽ വാഹനമോടിക്കുന്നതിൽ തട്ടിപ്പ് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ആറ്റിപ്രയിൽ ലോഗ് ബുക്കിൽ കൂടുതൽ ദൂരം വാഹനമോടിയതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. കൂടാതെ ഇവിടെ കാഷ് ഡിക്ളറേഷൻ ഫോമിൽ കൂടുതൽ തുകയെഴുതി കൈക്കൂലി വാങ്ങാനുള്ള തയ്യാറെടുപ്പായിരുന്നു ഉദ്യോഗസ്ഥർരെന്നും പറയുന്നു. കൃത്യമായ പരിശോധനകളില്ലാത്തതിനാൽ തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്നാണ് ആക്ഷേപം.