തിരുവനന്തപുരം: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷൻ വ്യാപാരികളുടെ സേവനത്തിന് പ്രതിഫലം നൽകാൻ സർക്കാർ നിർബന്ധിതരായി. 11 മാസത്തെ കമ്മിഷൻ തുക വ്യാപാരികൾക്ക് നൽകാതിരിക്കാൻ കഴിയില്ലെന്നും ഇതുസംബന്ധിച്ച് വ്യാപാരികളുമായി ചർച്ച നടത്തി ഈ മാസം 11ന് തീരുമാനം അറിയിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി വാക്കാൽ ആവശ്യപ്പെട്ടതോടെയാണിത്.
നേരത്തെ കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട കമ്മിഷൻ തുക നൽകാതെ കിറ്റ് നൽകിയത് 'സൗജന്യ സേവന'മാക്കുകയാരിന്നു ഭക്ഷ്യവകുപ്പ്. ഇതിനെതിരെ റേഷൻ വ്യാപാരികളുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. സർക്കാർ വ്യാപാരികൾക്ക് എതിരല്ലെന്നും ഉടൻ അവരുമായി ചർച്ച നടത്തുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
2020 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് ഓഫീസിൽ എത്താതെ വീട്ടിലിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കും ശമ്പളം നൽകിയ സർക്കാർ, രോഗഭീതിയിലും ജീവൻ പണയംവച്ച് റേഷനും കിറ്റ് വിതരണം നടത്തിയ വ്യാപാരികളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം. റേഷനും കിറ്റും വിതരണം ചെയ്യാൻ കടകൾ തുറന്നതോടെ വ്യാപാരികളും സെയിൽസ്‌മാൻമാരുമടക്കം 65 പേരാണ് മരണത്തിന് കീഴടങ്ങിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സാധനങ്ങൾ പാക്ക് ചെയ്യുന്നതിനും എല്ലാ ഇനങ്ങളും കിറ്റിലാക്കി സീൽ ചെയ്യുന്നതിനും കിറ്റുകൾ സൂക്ഷിക്കുന്നതിനും ഗോഡൗണുകൾക്കുള്ള വാടകയും കയറ്റിറക്ക് കൂലിയും വാഹന ചാർജും ദിവസവേതന തൊഴിലാളികൾക്കുള്ള കൂലിയുമടക്കം കിറ്റിന്റെ പേരിൽ ഭക്ഷ്യവകുപ്പ് വൻതുക ചെലവഴിച്ചു. 13 മാസം കിറ്റ് വിതരണം നടത്തിയതിൽ രണ്ട് മാസത്തെ കമ്മിഷൻ മാത്രമാണ് ഇതുവരെ റേഷൻ വ്യാപാരികൾക്ക് നൽകിയത്.
കിറ്റ് കണക്ക്
എല്ലാ വിഭാഗം റേഷൻ കാർഡുടകൾക്കുമായി വിതരണം ചെയ്തത് 10,98,77,132 കിറ്റുകൾ
ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 89,741കിറ്റുകൾ
കിറ്റ് വിതരണത്തിന് സപ്ലൈകോയ്ക്ക് അനുവദിച്ചത്- 5,538.48 കോടി രൂപ