
വിഴിഞ്ഞം: ടിപ്പർ ലോറികളിലെ അമിത ഭാരം കാരണം ചപ്പാത്ത് പുന്നക്കുളം റോഡ് തകർന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള കല്ല് ശേഖരിക്കുന്ന വളവ് നടയിലെ ഡമ്പിംഗ് യാഡിലേക്ക് അമിതഭാരം കയറ്റി ടിപ്പർ ലോറികൾ വരുന്നത് കാരണം ചപ്പാത്തു മുതൽ വളവു നട പാലം വരെയുള്ള റോഡും ഓടയും തകർന്നു കിടക്കുകയാണ്. ഇതിനെത്തുടർന്ന് എം. വിൻസെന്റ് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വി.കെ. സ്മിത, അസിസ്റ്റന്റ് എൻജിനിയർ ജാക്വലിൻ ടൈറ്റസ്, കോട്ടുകാൽ പഞ്ചായത്ത് മെമ്പർ പ്രവീൺ കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അമിത ഭാരം കയറ്റി വരുന്ന ലോറികളെ തടയാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കത്ത് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അടിയന്തരമായി നൽകും. തകർന്ന ചപ്പാത്തുമുതൽ വളവുനട പാലം വരെയുള്ള റോഡ് പുനർ നിർമ്മിക്കാൻ വിഴിഞ്ഞം തുറമുഖ കമ്പനിയോട് ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.