
നെയ്യാറ്റിൻകര: ആറാലുംമൂട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഗുണ്ടാക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ആറാലുംമൂട് ചെറിയകോണം ചാനൽകര വീട്ടിൽ ഷാജഹാനാണ്(48) തലയിൽ വെട്ടേറ്റത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കങ്ങളാണ് അയൽവാസികൾ തമ്മിലുള്ള കൈയേറ്റത്തിലും വീട് കയറി ആക്രമണത്തിലും കലാശിച്ചത്. ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സയ്യദും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഷാജഹാന് തലയിൽ വെട്ടേറ്റതിന് പുറമെ ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. ബന്ധുക്കൾ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയശേഷം കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകിയത്. ഷാജഹാന്റെ തലയിൽ 16 തുന്നലിട്ടു. വധശ്രമത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പറഞ്ഞു.