
പാലോട്: സ്‌കൂൾ സമയത്ത് കുട്ടികളെ താലപ്പൊലിക്ക് നിറുത്തരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. വി.ഐ.പികളെ സ്വീകരിക്കാനായി താലപ്പൊലി എടുപ്പിക്കുന്നതു പോലുള്ള ആചാരങ്ങൾ അനുവദിക്കരുത്. വകുപ്പിന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയതായും കെ.എസ്.ടി.എ ജില്ലാ വാർഷിക സമ്മേളനം നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.കൊവിഡ് കാലത്ത് സ്‌കൂളുകൾ അടച്ച സാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനലിലൂടെ ഡിജിറ്റൽ ക്ലാസ് ആരംഭിച്ചത്. ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസം സംബന്ധിച്ച് വിപ്ലവകരമായ തീരുമാനമായിരുന്നു ഇത്. ഇങ്ങനെ ഒരു പഠനക്രമത്തിലേക്കു നീങ്ങുമ്പോൾ സർക്കാരിന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിന് കാരണം അദ്ധ്യാപകരായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ ഷൗക്കത്തലി, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.സി. വിനോദ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ. നജീബ്, സംസ്ഥാന കമ്മിറ്റി അംഗം എൻ രത്നകുമാർ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.വി. രാജേഷ്, ജില്ലാ സെക്രട്ടറി വി അജയകുമാർ, എഫ്.എസ്.ഇടി.ഒ ജില്ലാ സെക്രട്ടറി ജി. ശ്രീകുമാർ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി എസ്. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. 12 ഉപജില്ലകളിൽ നിന്നായി 375 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.