river

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കിളിമാനൂർ കൈലാസം കുന്നിൽ നിന്ന് ആരംഭിച്ച് നഗരൂർ ഗ്രാമപഞ്ചായത്തിലെ മൂഴിതോട്ടം വഴി വാമനപുരം ആറിൽ എത്തിച്ചേരുന്ന പുഴയുടെ വീണ്ടെടുപ്പിന്റെ ബ്ലോക്ക് തല സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ്‌ ബി.പി. മുരളി പദ്ധതിയുടെ ആമുഖ അവതരണം നടത്തുകയും ജനുവരി 27ന് പുഴ കടന്ന് പോകുന്ന പഞ്ചായത്തുകളിൽ സാമാന്തരമായി ജനകീയ കൂട്ടായ്മയിലൂടെ പുഴനടത്തം നടത്തുന്നതിനും ഇതിലൂടെ പുഴയുടെ വീണ്ടെടുപ്പിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു. പദ്ധതിയുടെ ഡി.പി.ആർ ബ്ലോക്ക് എ.ഇ ജിതിൻ അവതരിപ്പിച്ചു.180 കോടി രൂപയുടെ കരട് പദ്ധതി രേഖയാണ് അവതരിപ്പിക്കുന്നത്.

ജനുവരി 20ന് മുൻപ് പ്രാദേശിക സംഘടക സമിതി വാർഡ് തലത്തിൽ രൂപീകരിക്കുകയും തോട് കടന്ന് പോകുന്ന ഓരോ കിലോമീറ്റർ ദൈർഘ്യത്തിലും കീഴ് സംഘടക സമിതി വിളിച്ചു ചേർക്കുകയും ഫെബ്രുവരി 4ന് ജനകീയ കൂട്ടായ്മയിലൂടെ ശുചീകരണ പ്രവർത്തനവും വിളംബര ജാഥയും നടത്തുന്നതിനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ അഡ്വ: ശ്രീജ ഉണ്ണികൃഷ്ണൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുളസിധരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ മായ, സരള, ഷീല, ഐഷ റഷീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. നെടുമങ്ങാട് മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റും ജില്ലാ ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായ ബി.ബിജു, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ എന്നിവർ പദ്ധതിയുടെ വിശദീകരണം നടത്തി. കിളിമാനൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ മനോജ്‌, മടവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ബിജു, നഗരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത്‌, ഗ്രാമപഞ്ചായത് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.