
നെയ്യാറ്റിൻകര: പരുങ്കടവിള ഗ്രാമപഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പദ്ധതിതയാറാക്കുമ്പോൾ അതിനൊപ്പം തന്നെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിലുൾപ്പെടുത്തി നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതിക്കെതിരെയാണ് പ്രതിഷേധവും ഉയരുന്നത്. ഇതിനായി തണൽമരങ്ങൾ ഉൾപ്പെടെ അഞ്ചോളം വൻ വൃക്ഷങ്ങളാണ് വെട്ടിമാറ്റാൻ ഉദ്ദേശിക്കുന്നത്. പെരുങ്കടവിള പഴയ ചെക്ക് പോസ്റ്റ് ജംഗ്ഷന് സമീപം പെരുങ്കടവിള വില്ലേജ് ഓഫീസിന്റെയും ഗവ.എൽ.പി.ബി.എസിന്റെയും പ്രവേശനകവാടത്തിനോടു ചേർന്ന രണ്ട് സെന്റ് സ്ഥലത്താണ് വഴിയിടം പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഇവിടെ സ്ഥിതിചെയ്യുന്ന 15 വർഷത്തോളം പഴക്കമുളള 3 വലിയ മഹാഗണി വൃക്ഷങ്ങളും 2 ബദാം തണൽ മരങ്ങളും മുറിച്ചുമാറ്റാനാണ് നീക്കം. പെരുങ്കടവിള വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന മഞ്ചാടിത്തലയ്ക്കൽ തോട്ടുവരമ്പ് മുതൽ പെരുങ്കടവിള പ്രധാന ജംഗ്ഷൻ വരെയുളള സ്ഥലത്ത് പദ്ധതിക്കനുയോജ്യമായ സർക്കാർ പുറമ്പോക്ക് ഭൂമി പല സ്വകാര്യ വ്യക്തികളും കൈയേറി വച്ചിട്ടുളളതായും അവ ഒഴിപ്പിച്ച് അവിടെ പദ്ധതി നടപ്പിലാക്കണമെന്നും ചില പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. വിഷയം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ഉത്തരവും നിർദ്ദേശവും അനുസരിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നാണ് പഞ്ചായത്തിന്റെ വാദം.
ലേലം ഉടൻ
പഞ്ചായത്തിന്റെ ആവശ്യപ്രകാരം വില്ലേജ് ഓഫീസിന്റെ 2 സെന്റ് പുറമ്പോക്ക് ഭൂമി പദ്ധതിക്കായി കൈമാറാൻ റവന്യു വകുപ്പിന് കളക്ടർ ഉത്തരവ് നൽകിയിരുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 18 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വമിഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ വൃക്ഷങ്ങൾ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരടക്കമുളള നാട്ടുകാർ ഏജൻസി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വരുന്ന 17ന് രാവിലെ 11ന് 75000 രൂപ മതിപ്പ് വില നിശ്ചയിച്ച് വില്ലേജ് ഓഫീസിൽ വച്ച് മരങ്ങൾ ലേലം ചെയ്ത് നൽകാനാണ് താലൂക്ക് ഓഫീസിന്റെ നിർദ്ദേശം. ഇതിനായുളള പരസ്യവും പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നത്......... ശുചിത്വ മിഷന്റെ നേതൃത്വത്തിൽ
പദ്ധതിക്ക് വകയിരുത്തിയത്......... 18 ലക്ഷം
പെരുങ്കടവിള വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും സമീപത്തെ എൽ.പി സ്കൂളിലെ കുട്ടികൾക്കും ഏറെ ആശ്വാസമാണ് ഈ തണൽ മരങ്ങൾ. വില്ലേജ് ഓഫീസിന്റെ പടിക്കെട്ടിന്റെ കൽപ്പടവിനോട് ചേർന്ന് നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് മാറ്റാതെ തന്നെ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പഞ്ചായത്തിൽ ആകെ അവശേഷിക്കുന്ന വില്ലേജ് ഓഫീസ് പരിസരത്തെ ഈ മരങ്ങളെയെങ്കിലും നിലനിറുത്തി ബാക്കി സ്ഥലത്ത് കെട്ടിടം പണിയണമെന്ന ആവശ്യവും ശക്തമാണ്.
തണൽമരങ്ങൾ വെട്ടിമാറ്റുമ്പോൾ
വിവിധ വികസന പദ്ധതികളുടെയും വികസനത്തിന്റെയും നവീകരണത്തിന്റെയും പേരിൽ പെരുങ്കടവിള പഞ്ചായത്തിലെ ഭൂരിഭാഗം തണൽ മരങ്ങളും മുറിച്ച് മാറ്റിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് അമരവിള-ഒറ്റശേഖരമംഗലം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലുൾപ്പെട്ട പാതയോരത്തെ 30ഓളം വൃക്ഷങ്ങളെയാണ് വെട്ടിമാറ്റിയത്. ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.