palam

ആര്യനാട്: അഗസ്ത്യ വനത്തിലെ ആദിവാസി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചോനംപാറ-കൈതോട് പാലത്തിന്റെ അടിസ്ഥാനം തകർന്നു. ഇതോടെ പാലവും തകർച്ചാ ഭീഷണിയിലാണ്. അഗസ്ത്യവനം റയിഞ്ചിലെ കോട്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന പ്രധാന റോഡിലെ പാലമാണ് ഇത്. വാഹനങ്ങൾ ഈ പാലത്തിൽ കയറിയാൽ പാലം നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ മലവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ അടിസ്ഥാനം ഒഴുകിപോയത്. വീണ്ടും കുത്തൊഴുക്കുവന്നാൽ പാലം തകരുമെന്ന കാര്യത്തിൽ സംശയമില്ല. സെറ്റിൽമെന്റിലേക്ക് ബസ് എത്തുന്ന വനപാതയിലെ ഇവിടെ സമീപത്ത് ചോനംപാറവരെ പി.ഡബ്ലിയു.ഡി റോഡുണ്ട്.
കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ഏക സർവീസാണ് ഇവിടേക്കുള്ളത്. വാലിപ്പാറ,മാങ്കോട്, അരിയാവിള, ചോനംപാറ, കൈതോട്, കട്ടകുറ്റി വഴിയാണ് ബസ് കോട്ടൂരിലെത്തുന്നത്‌. ഉൾസെറ്റിൽമെന്റിലുള്ളവരും വനപാതവഴി നടന്ന് കൈതോട് എത്തിയാണ് ബസിൽ കയറി പുറം നാട്ടിലെത്തുന്നത്. ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് വിദ്യാർത്ഥികൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ നിരവധി യാത്രക്കാരാണ് ഈവഴി പോകുന്നത്. ഏതുസമയവും നിലംപതിക്കാമെന്ന അവസ്ഥയിലായ പാലത്തിലൂടെ പേടിയോടെയാണ് ഓരോ യാത്രക്കാരും കടന്നുപോകുന്നത്. നിരവധി ആദിവാസികളുടെ സഞ്ചാരപാതയായ ഈ പാലം എത്രയുംവേഗം ഉപയോഗപ്രദമാക്കി നൽകണമെന്നാണ് ആദിവാസികളുടെ ആവശ്യം.

വാഹനങ്ങളും എത്താറില്ല

നെറ്റിൽമെന്റുകളിലെ വിദ്യാർത്ഥികൾക്ക് നാട്ടിലെ സ്കൂളുകളിൽ എത്താൻ ഗ്രോത്ര സാരഥി വാഹനങ്ങളുമില്ല. ആട്ടോറിക്ഷ മാത്രമേ ഇപ്പോൾ കൈതോട് ഭാഗത്ത് എത്താറുള്ളൂ. പുറം നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ടുവരുന്ന വാഹനങ്ങളും രണ്ട് കിലോമീറ്റർ മാറി ചോനംപാറ വരേ എത്താറുള്ളൂ. വൃദ്ധരും രോഗബാധിതരുമായ നിർദ്ധന തൊഴിലുറപ്പ് തൊഴിലാളികളും യാത്രാദുരിതത്തിലാണ്.
നടക്കാനാകാത്തവരും രോഗബാധിതരും ഉൾപ്പെടെ നിരവധി ആദിവാസികളാണ് കൈതോട് സെറ്റിൽമെന്റിൽ കഴിയുന്നത്.
ചോനംപാറ മുതൽ കൈതോട് - കട്ട കുറ്റിവരെ റോഡും മെറ്റലിളകി തകർന്നിട്ടുണ്ട്‌. അടിയന്തരമായി ആദിവാസികളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


** തകർന്നത് അഗസ്ത്യ വനത്തിലെ ആദിവാസി മേഖലകളെ ബന്ധിപ്പിക്കുന്ന ചോനംപാറ-കൈ തോട് പാലം

**അമിതഭാരം കയറിയാൽ ഏതുനിമിഷവും പാലം തകരുമെന്ന അവസ്ഥ

** കഴിഞ്ഞ മലവെള്ളപ്പാച്ചലിൽ പാലത്തിന്റെ അടിസ്ഥാനം ഒലിച്ചുപോയി

** വാഹനങ്ങളും ഇവിടേക്ക് എത്താറില്ല,​ ആദിവാസികൾ യാത്രാദുരിതത്തിൽ

ആദിവാസികളുടെ ഏക ആശ്രയമാണ് ചോനംപാറ കൈതോട് വഴിയുള്ള യാത്ര. പാലത്തിന്റെ അടിസ്ഥാനം മലവെള്ളപ്പാച്ചിലിൽ തകർന്നതാണ്. ഇതിന്റെ പണിനടത്തി ഗതാഗയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണം. ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ആദിവാസികൾ രംഗത്തിറങ്ങും.

പ്രതികരണം.

മാധവൻ കാണി,ഊര് മൂപ്പൻ.