jan09a

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൻമുക്ക് മുള്ളിക്കടവിന് സമീപം ആളുള്ളൂർ ഏലായിൽ മലിന ജലം കെട്ടിനിന്ന് നെൽകൃഷി നശിച്ചു. ഒപ്പം സമീപവാസികൾ പകർച്ചവ്യാധിയുടെ ഭീഷണിയിലുമാണ്. ഇവിടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ മുടങ്ങാതെ നെൽകൃഷി നടത്തിയിരുന്ന ഏലായാണ് ഇത്. സമീപ പഞ്ചായത്ത് പരിധിയിലെ തോട് നവീകരണത്തിന് ശേഷം അവനവഞ്ചേരി ടോൾമുക്ക് പ്രദേശം മുതലുള്ള മഴവെള്ളം ആളുള്ളൂർ ഏലായിലേയ്ക്കാണ് ഒഴുകിയെത്തുന്നത്. മഴവെള്ളം കടന്നുവരുന്ന ഭാഗങ്ങളിലെ കന്നുകാലി മാലിന്യം ഉൾപ്പെടെ ആളുള്ളൂർ ഏലായിൽ വെള്ളക്കെട്ടിനൊപ്പം അടിഞ്ഞുകൂടി കിടക്കുകയാണ്.മലിനജലം കെട്ടി കിടക്കുന്നതു കാരണം കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ കൃഷിക്ക് വ്യാപക നാശമാണുണ്ടായത്. ഇതുകാരണം ഇക്കുറി കൃഷിയിറക്കാതിരിക്കുകയാണ്. ഇതേടെ ഏലാ മലിനജല സംഭരണിയായി മാറിയിരിക്കുകയാണ്. കന്നത്ത മഴപെയ്ത് വെള്ളം കുത്തിയൊഴുകിയാൽ മാത്രമേ ഈ മലിനജലം സമീപത്തെ വാമനപുരം നദിയിലേക്ക് ഒഴുകിപോവുകയുള്ളു. മലിനജലം ഏലായിൽ കെട്ടിക്കിടക്കുന്നതും മഴയത്ത് അത് വാമനപുരംനദിയിലേയ്ക്ക് ഒഴുകുന്നതും ഒരുപോലെ പ്രശ്നമാണ്. ഈ ഏലായ്ക്ക് തൊട്ടടുത്താണ് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭ അധികൃതർക്ക് പരാതി നൽകി.അപ്പോഴാണ് ഈ പ്രദേശം ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ നിന്ന് മുദാക്കൽ പഞ്ചായത്തിലേയ്ക്ക് മാറ്റിയ വിവരം അറിയുന്നത്. കഴിഞ്ഞ വർഷം നടന്ന റീ സർവേയിലാണ് ഇവിടം സമീപ പഞ്ചായത്തിൽ ഉൾപ്പെടുത്തിയതത്രേ.

പകർച്ചാവ്യാധി ഭീഷണിയിൽ

മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതാണ് നാട്ടുകാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. കൊതുകുജന്യ രോഗങ്ങളടക്കം പകർച്ചവ്യാധിയുടെ ഭീഷണിയിലാണ് തങ്ങളെന്നാണ് നാട്ടുകർ പറയുന്നത്. വേനൽക്കാലം ആരംഭിച്ചതോടെ ഈ വെള്ളം വറ്റാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അസഹ്യമായ ദുർഗന്ധവും ഇതിൽ നിന്നും ഉയരുന്നതായാണ് പരാതി. മലിനജലം കാരണം പകർച്ചാവ്യാധി ഭീഷണി നേരിടുന്നതായും നാട്ടുകാർ പറയുന്നു. കൂടാതെ ക‌ൃഷി ആവശ്യത്തിന് ഏലായിൽ ഇറങ്ങുന്നവർക്ക് രോഗങ്ങൾ വരികയാണ്. തൊലിപ്പുറത്ത് ചുണങ്ങും ചൊറിച്ചിലും ഉണ്ടാകുന്നു. കൊതുക് പെരുകി സമീപത്തെ വീട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.