
നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഞാറാഴ്ച ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ജനങ്ങൾ സർക്കാരിന്റെ നിർദ്ദേശപ്രകാരം വീട്ടിൽത്തന്നെ തുടരുകയായിരുന്നു. പഴക്കട, പച്ചക്കറിക്കട, മീൻക്കട തുടങ്ങിയവ അടഞ്ഞുകിടന്നു. പത്രം, ആശുപത്രി, ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നതിൽ തടസമില്ല. വിവാഹച്ചടങ്ങിന് പോകുന്നവർ വിവാഹ ക്ഷണക്കത്ത് കരുതണം. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം കന്യാകുമാരി ജില്ലയിൽ 55 സ്ഥലങ്ങളിൽ പൊലീസ് താത്കാലിക പോസ്റ്റുകൾ നിർമ്മിച്ച് പരിശോധന നടത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് പിഴയും ഈടാക്കി. ജില്ലയിൽ ഇന്നലെ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
അതിർത്തിയിൽ കർശന പരിശോധന
ലോക്ക് ഡൗണായതിനാൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പൊലീസിന്റെ കർശന പരിശോധന ഉണ്ടായിരുന്നു. ലോക്ക് ഡൗൺ എന്നറിയാതെ വന്ന മലയാളികളെ പൊലീസ് തിരികെ അയച്ചു. നാഗർകോവിലിലോട്ട് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഇഞ്ചിവിളയോട് കൂടി സർവീസുകൾ അവസാനിപ്പിച്ചു. ആശുപത്രിക്കായി ജില്ല വിട്ട് പോകാനും വരാനും തടസമുണ്ടായിരുന്നില്ല.