
പോത്തൻകോട്: ബസ് കാത്തിരിക്കുമ്പോൾ ബോറടി മാറ്റാൻ വിദേശ രാജ്യങ്ങളെപ്പോലെ പോത്തൻകോട് ബസ് ടെർമിനലിനുള്ളിലും പുസ്തകക്കൂട് ഒരുങ്ങി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നിയന്ത്രണത്തിലാണ് പുസ്തകക്കൂട് പ്രവർത്തിക്കുന്നത്. പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ വായിക്കാൻ ആഗ്രഹമുള്ളവർക്ക് അവസരം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ഉൾപ്പെടെ ബസ് ടെർമിനലിൽ എത്തുന്ന ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പുസ്തക്കൂടിന്റെ ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി അംഗം വി.എസ്.ബിന്ദു നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ബി.ശ്രീധരൻനായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി സെക്രട്ടറി ഡി. അനിൽകുമാർ, പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി, ലൈബ്രറി സെക്രട്ടറി അഡ്വ. എസ്.വി.സജിത്ത്, ലൈബ്രറേറിയൻ ടി. തുളസീധരൻ, എൻ.സുധീന്ദ്രൻ, സംഗീത, സിത്താര, ഷഫീക്ക്, വിനോദ് കുമാർ, ഷിബു കുമാർ തുടങ്ങിയവർ സംസാരിച്ചു.