photo

പാലോട്: വാമനപുരം നദിയിൽ യുവാവിനെ കാണാതായി. ചെറുവാളം കെ.ടി കുന്ന് തെക്കുംകര പുത്തൻവീട്ടിൽ സിനോയിയെയാണ് (41) കാണാതായത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് സിനോയ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുളിക്കാൻ ചെല്ലഞ്ചി ആറ്റിൽ ഇറങ്ങിയതാണ്. ഉച്ചയോടു കൂടി പാലോട് മീൻമൂട്ടിയിൽ ഡാം തുറക്കുകയും തുടർന്ന് ആറ്റിൽ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. സിനോയ് നീന്തി കുളിക്കുന്നത് കണ്ടവരുണ്ട്.

ഏറെ വൈകിയിട്ടും ഇയാൾ തിരികെ വീട്ടിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ്റിൻകരയിൽ വസ്ത്രങ്ങൾ, ചെരുപ്പ്, ഫോൺ എന്നിവ കണ്ടെത്തി. പാലോട് പൊലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുക്കാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. തെരച്ചിൽ ഇന്നും തുടരും. അവിവാഹിതനാണ്.