p

തിരുവനന്തപുരം: നിയമസഭയുടെ അടുത്ത സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ ഫെബ്രുവരി പകുതിക്ക് ശേഷം ആരംഭിക്കാൻ ആലോചന.

ഫെബ്രുവരി 18ന് തുടങ്ങി, അടുത്ത മൂന്ന് ദിവസങ്ങളിൽ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസാക്കി തൽക്കാലം പിരിയാനും, മാർച്ച് ആദ്യവാരത്തിന് ശേഷം പുനരാരംഭിച്ച് ബഡ്ജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം. ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ശേഷം നാല് മാസത്തേക്കുള്ള വോട്ട് ഒൺ അക്കൗണ്ട് പാസാക്കി സഭ പിരിയും. ജൂൺ പകുതിക്ക് ശേഷം ചേർന്ന് വകുപ്പു തിരിച്ചുള്ള ചർച്ചകളോടെ സമ്പൂർണ ബഡ്ജറ്റ് പാസാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സി.പി.എം ജില്ലാ സമ്മേളനങ്ങൾ ഈ മാസമവസാനത്തോടെ തീരും. സംസ്ഥാന സമ്മേളനം മാർച്ച് 1- 3 തീയതികളിൽ എറണാകുളത്തും, പാർട്ടി കോൺഗ്രസ് ഏപ്രിൽ 6- 10 തീയതികളിൽ കണ്ണൂരിലുമാണ്. ഇതിന്റെ ഇടവേളകളിലാവും സഭാസമ്മേളനം.

സഭയിൽ നയപ്രഖ്യാപനം അവതരിപ്പിക്കേണ്ടതിനാൽ, ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കുകയെന്ന വെല്ലുവിളി സർക്കാരിന് മുന്നിലുണ്ട്. നിരന്തരം ആരോപണങ്ങൾ നിരത്തുന്ന ഗവർണറെ ഗൗനിക്കാതിരിക്കുന്ന തന്ത്രമാണ് സർക്കാരും സി.പി.എമ്മും പയറ്റുന്നത്. കണ്ണൂർ, കാലടി വി.സി നിയമനക്കാര്യങ്ങളിൽ തുടക്കത്തിൽ ഗവർണർ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് ആ ഘട്ടത്തിൽ വാർത്താസമ്മേളനത്തിൽ മറുപടി നൽകിയതൊഴിച്ചാൽ ,മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഡി-ലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ കേരള സർവകലാശാല നിരസിച്ചതിലേക്ക് വിവാദം വഴിമാറിയപ്പോഴും മുഖ്യമന്ത്രിയോ ,സർവകലാശാലയോ പ്രതികരിച്ചില്ല. ഡി-ലിറ്റ് വിവാദം സ്ഥിരീകരിക്കാതിരുന്ന ഗവർണർ ഇന്നലെ അത് പരസ്യമായി സ്ഥിരീകരിച്ചു. പ്രതിപക്ഷമാകട്ടെ, വി.സി നിയമനകാര്യങ്ങളിലടക്കം ഗവർണറെ പ്രതിക്കൂട്ടിലാക്കിയുള്ള ആക്രമണമാണ് നടത്തുന്നത്.

നയ പ്രഖ്യാപനത്തിന് മുമ്പ് ഗവർണറെ അനുനയിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിൽ നിന്നുണ്ടായേക്കാം. ചാൻസലർ പദവി ഒഴിയരുതെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി മൂന്ന് കത്തുകൾ തനിക്ക് നൽകിയെന്നും രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന ഉറപ്പ് കിട്ടിയാൽ തീരുമാനം പുന:പരിശോധിക്കുമെന്നും ഗവർണർ ഇന്നലെ വ്യക്തമാക്കിയത്, അദ്ദേഹവും അനുനയം ആഗ്രഹിക്കുന്നതിന്റെ സൂചനയായി. ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് ഈ മാസാവസാനം മടങ്ങിയെത്തിയ ശേഷം ഗവർണറുമായി കൂടിക്കാഴ്ചയ്ക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മുതിർന്ന മന്ത്രിമാരാരെങ്കിലും ഗവർണറെ കണ്ട് മഞ്ഞുരുക്കലിന് ശ്രമിച്ചെന്നും വരാം.