തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനെ തുടർന്ന് വെള്ളനാട് പഞ്ചായത്തിലെ വെള്ളനാട് ടൗൺ വാർഡിനെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. റസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല.ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം.കണ്ടെയ്ൻമെന്റ് /മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.കൊവിഡ് വ്യാപന നിരക്ക് നിയന്ത്രണവിധേയമായതിനെ തുടർന്ന് വർക്കല മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ ഓഫീസ് വാർഡിനെ കണ്ടെയ്‌മെന്റ് സോണിൽ നിന്നും കരകുളം പഞ്ചായത്തിലെ കല്ലയം വാർഡിലെ പാലോട്ടുകിഴക്കുംകര പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.