കിളിമാനൂർ: സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കാൻ ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ വൃദ്ധനെ ഇടിച്ചുവീഴ്‌ത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസൻസ് ആറ്റിങ്ങൽ ആർ.ടി.ഒ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.
കിളിമാനൂർ പൊലീസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പഴയകുന്നുമ്മേൽ ഷിബിനാ മൻസിലിൽ നിയാസ് എൻ.എസിന്റെ (20) ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. 2021 സെപ്‌തംബർ 26ന് പൊലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡിൽ രാവിലെ 8നായിരുന്നു അപകടം. കാൽനട യാത്രക്കാരനായ ചാരുപാറ താഴ്‌വാരം വീട്ടിൽ ഭാസ്‌കരപിള്ളയെ (90) ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
2022 ജനുവരി 7 മുതൽ ജൂൺ 7 വരെയാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. ഇതിനിടെ വാഹനം ഓടിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.