ll

 കൊലപാതകമെന്ന് സംശയം

വർക്കല: ചെമ്മരുതി പനയറ ഏണാർവിളാ കോളനിയിൽ ഗൃഹനാഥനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവിള വീട്ടിൽ സത്യനെ (65) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ സതീഷിനെ (30) പൊലീസ് ചോദ്യം ചെയ്‌തു.

ഞായറാഴ്ച രാത്രി 7ഓടെ സത്യനും മകൻ സതീഷും മദ്യലഹരിയിൽ വീട്ടിൽവച്ച് പരസ്‌പരം വാക്കേറ്റവും കൈയേറ്റവും ഉണ്ടായെന്നാണ് വിവരം. കൈയേറ്റത്തിനിടെ ബോധരഹിതനായി നിലത്തുവീണ സത്യനെ 108 ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സത്യന്റെ വീട്ടിൽ ബഹളം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അയിരൂർ സി.ഐ ശ്രീജേഷ് പറഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരണമടഞ്ഞ സത്യൻ. ഭാര്യ: ശോഭന, മറ്റ് മക്കൾ: ശരത്ത്, സജിനി.