modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധ കുറിപ്പുകൾ രേഖപ്പെടുത്തിയ കാറുമായി എത്തിയ പഞ്ചാബ് സ്വദേശി രമൺജിത്ത് സിംഗിനെ (37) പൊലീസ് ചോദ്യം ചെയ്തു. കഴക്കൂട്ടം ഭാഗത്ത് നിന്നാണ് കഴിഞ്ഞദിവസം ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതിഷേധം രേഖപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. വാഹനങ്ങളുടെ സ്‌പെയർപാർട്സുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടാണ് കേരളത്തിലെത്തിയതെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുമ്പും ഇയാൾ കേരളത്തിൽ വന്നിരുന്നു. ഇപ്പോൾ യു.പിയിലെ മീററ്റിലാണ് താമസം.

അതേസമയം, രണ്ടുതവണ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയ രമൺജിത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ബന്ധുക്കളോട് കേരളത്തിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇവർ വന്നശേഷം കാർ വിട്ടുനൽകുമെന്നും മ്യൂസിയം സി.ഐ ധർമ്മജിത്ത് പറഞ്ഞു. ഞായറാഴ്ച പട്ടത്തെ ഒരു ഹോട്ടലിൽ നിന്നാണ് മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രതിഷേധക്കുറിപ്പ് രേഖപ്പെടുത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായതിനെ തുടർന്ന് രമൺജിത്ത് കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കയറി പോവുകയായിരുന്നു. സംഭവത്തിൽ മറ്റ് ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.