നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെ ബി.ജെ.പി - കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ബഹളം. പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയെന്ന സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സെക്രട്ടറി വ്യാജ പരാതി നൽകിയെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ബി.ജെ.പി അംഗങ്ങൾ കമ്മിറ്റി യോഗത്തിൽ അക്രമം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധ ധർണയും നടത്തി.
ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് രണ്ടുദിവസം മുമ്പ് ബി.ജെ.പി അംഗങ്ങളുടെ നേതൃത്വത്തിൽ കമുകിൻകോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വിഷയം അവതരിപ്പിച്ച ബി.ജെ.പി അംഗങ്ങൾ സംഭവത്തിൽ പ്രസിഡന്റ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. എന്നാൽ ഭരണപക്ഷം തയ്യാറാകാത്തതിനെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തുടർന്ന് ബി.ജെ.പി ഊരൂട്ടുകാല വാർഡംഗം മുരളിയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും നെല്ലിമൂട് വാർഡംഗവുമായ ഷിജുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.