പാറശാല: പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ദേവസ്വം സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന വെള്ളായണി ദേവീ ക്ഷേത്രത്തിലെ തങ്കത്തിരുമുടി വെള്ളായണി ക്ഷേത്രത്തിലെ ദേവസ്വം ഭാരവാഹികളെത്തി ഏറ്റുവാങ്ങി.

പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ( ഇൻചാർജ്) എസ്.ആർ. സജിൻ, നെയ്യാറ്റിൻകര അസി. ദേവസ്വം കമ്മിഷണർ ആശാബിന്ദു, പാറശാല ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എസ്.കെ.പി. നാരായണൻ നമ്പൂതിരി, വെള്ളായണി ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അറ്റകുറ്റപ്പണികൾക്കായാണ് തിരുമുടി പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ദേവസ്വം സ്ട്രോംഗ് റൂമിലെത്തിച്ചത്.

ക്ഷേത്ര ഉപദേശക സമിതി സമ്മാനിച്ച തങ്കം ഉപയോഗിച്ച് ശില്പി കരമന സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നാലുദിവസം കൊണ്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചത്.

വൻ സുരക്ഷാ സന്നാഹത്തോടെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ദേവസ്വം തിരുവാഭരണം കമ്മിഷണർ അജിത്കുമാർ, വെള്ളായണി ദേവീ ക്ഷേത്രം ദേവസ്വം തന്ത്രി നാരായണരു കൃഷ്‌ണരു, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ (ഇൻചാർജ്) എസ്.ആർ. സജിൻ, നെയ്യാറ്റിൻകര അസി. ദേവസ്വം കമ്മിഷണർ ആശാ ബിന്ദു, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവരുമുണ്ടായിരുന്നു.