
കിളിമാനൂർ: ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ നിത്യവൃത്തി, മക്കളുടെ പഠനം, ചികിത്സയ്ക്കായി വാങ്ങിയതും ആശുപത്രിയിൽ അടയ്ക്കാനുള്ളതുമായ കടങ്ങൾ ഇതിനൊക്കെ പരിഹാരം കാണണമെങ്കിൽ വിനോദിന് സുമനസുകളുടെ കാരുണ്യം കൂടിയേ തീരു. ആശുപത്രിയിൽ ശരീരത്തിന്റെ ഒരുഭാഗം ഏറക്കുറെ തളർന്ന് കിടക്കുകയാണ് പുളിമാത്ത്, പേടികുളം പൂവക്കാട്ടു വിളവീട്ടിൽ വിനോദ് സദൻ (41). പഴയ വാഹനങ്ങൾ മറിച്ച് വിൽക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിനോദ്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് തലയ്ക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവമുണ്ടായി. ഇതിനിടയിൽ തലയ്ക്കുള്ളിൽ വളർന്ന മുഴയും നീക്കം ചെയ്തു.
20 ലക്ഷത്തോളം രൂപ ചെലവിട്ടെങ്കിലും രോഗം ഭേദമാക്കാൻ കഴിഞ്ഞില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ നടന്നത്. മൂന്നര ലക്ഷം രൂപ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ അടയ്ക്കാനുണ്ട്.
നാല് സെന്റ് വസ്തു മാത്രമാണ് വിനോദിന് സ്വന്തമായുള്ളത്. ഡിഗ്രി വിദ്യാർത്ഥിയായ മകളുടെയും അഞ്ചാം ക്ലാസുകാരനായ മകന്റെയും പഠനവും വഴിമുട്ടിയ അവസ്ഥയിലാണ്. ചികിത്സാ സഹായത്തിനായി എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 20387260301, ഐ.എഫ്.എസി കോഡ്: SBIN 0010789. ഗൂഗിൾ പേ നമ്പർ: 9048282940.