വിതുര: ഇടതുമുന്നണി ഭരിക്കുന്ന തൊളിക്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വകുപ്പ് ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും പരാതിനൽകി. പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനിട്സിൽ എഴുതിച്ചേർക്കുന്നതായും വികസനപ്രവർത്തനങ്ങൾ ഭരണകക്ഷി മെമ്പർമാരുടെ വാർഡിൽ മാത്രം നടപ്പാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അംഗങ്ങളായ തോട്ടുമുക്ക് അൻസർ, എൻ.എസ്. ഹാഷിം, ചായം സുധാകരൻ, ഷെമി ഷംനാദ്, ബി. പ്രതാപൻ എന്നിവർ പരാതിനൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇതേച്ചൊല്ലി ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു.