ആര്യനാട്: മലയോര മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി ജനം. ആര്യനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ ചേരപ്പള്ളി, ബൗണ്ടർമുക്ക്, കൊക്കോട്ടേല, മീനാങ്കൽ, അയിത്തി തുടങ്ങിയ പ്രദേശങ്ങളിലാണ് പന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റത്.
വിതുര സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ മീനാങ്കൽ കൊച്ചു കിളിക്കോട് മേക്കുംകര പുത്തൻ വീട്ടിൽ ജി. മോഹനകുമാർ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകളും നശിപ്പിക്കുകയാണ്.
ചേരപ്പള്ളി അമ്മൻകോവിലിന് സമീപം ചായക്കട നടത്തുന്ന തങ്കയ്യൻ പുലർച്ചേ കട തുറക്കാൻ എത്തിയപ്പോൾ കണ്ടത് ഏഴോളം കാട്ടുപന്നികളെയാണ്. പന്നിക്കൂട്ടത്തെ കണ്ട് സമീപത്ത് ഉണ്ടായിരുന്ന നായ്ക്കൾ കുരച്ചതോടെ പന്നികൾ സ്ഥലംവിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച കാട്ടുപന്നി ഇടിച്ച് ആടിന് തീറ്റ ശേഖരിക്കാൻ പോയ പറണ്ടോട് ചേരപ്പള്ളി പള്ളിനട തടത്തരികത്ത് വീട്ടിൽ പി. വിജയമ്മയ്ക്ക് (58) ഗുരുതരമായി പരിക്കേറ്റിരുന്നു. പന്നി ഇടിച്ച് വീണ് നട്ടെല്ലിന് പൊട്ടലും ഇടതു കൈയിൽ ആഴത്തിൽ മുറിവുണ്ടായ വിജയമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആര്യനാട് ആശുപത്രിയിലേക്ക് മാറ്റി.
ചേരപ്പള്ളി നിർമിതി കോളനിയിലെ ഒൻപതോളം കുടുംബങ്ങൾ പന്നിയുടെ പരാക്രമത്തിൽ ഭീതിയോടെയാണ് കഴിയുന്നത്. സമീപത്തെ പാറക്വാറിക്ക് സമീപത്ത് നിന്ന് മിക്കപ്പോഴും രാത്രിയാകുന്നതോടെ പന്നികൾ കൂട്ടത്തോടെ നിർമിതി കോളനിയിലൂടെ പോകുമെന്ന് കോളനിയിലെ താമസക്കാർ പറയുന്നു.