
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ കൂട്ടിക്കട - കാഞ്ഞിരംവിള റോഡ് തകർന്നു. നാട്ടുകാർക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ മഴക്കാലത്ത് റോഡിലെ ടാറും മെറ്റലും ഒഴുകി പോയതോടെ കുണ്ടും കുഴിയും നിറഞ്ഞ് വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്.
2019 - 20 ൽ ജില്ലാ പഞ്ചായത്ത് റീ ടാറിംഗ് നടത്തുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്ന് ടെൻഡർ നടപടികളും നടന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പണി ആരംഭിക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫണ്ട് നഷ്ടമാകുന്നതിന് മുൻപായി പണി നടത്താൻ ആരും ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. പൊളിഞ്ഞ റോഡിൽ കാൽനട യാത്രയും അസാദ്ധ്യമായ നിലയിലാണ്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയായതിനാൽ ഒട്ടേറെ യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
മഴക്കാലത്ത് വെള്ളക്കെട്ടും വേനൽക്കാലത്ത് കുണ്ടും കുഴിയും പൊടിയും നിറഞ്ഞ് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലരും പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടി ഇല്ലെന്നും ആക്ഷേപമുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കി പൊതുജനത്തിന്റെ ബുദ്ധിമുട്ട് എത്രയും വേഗം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ ഒറ്റൂർ കൂട്ടിക്കട - കാഞ്ഞിരംവിള റോഡ് പണിക്കായി തീരദേശ പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ നടന്നുവരുന്നതായും അത് പൂർത്തിയായാൽ പണി ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.