കിളിമാനൂർ: നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ച ഒമ്പതുപേരുടെ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട പ്രശ്‌നം പരിഹരിച്ച് ആരോഗ്യ വകുപ്പ്. ഇവരുടെ കുടുംബങ്ങൾക്ക് പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തതായി അധികൃതർ അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് നൽകിയ കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായതിനെക്കുറിച്ച് ഇക്കഴിഞ്ഞ 6ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് തപാൽ മുഖേന അയച്ചത്. 27ന് തപാൽ കൈപ്പറ്റിയതായി രേഖയുമുണ്ട്. എന്നാൽ ഒരാൾക്കു പോലും ഇവ ലഭിച്ചിരുന്നില്ല.

യഥാസമയം സർട്ടിഫിക്കറ്റ് കിട്ടാത്തതോടെ നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ അജി, നഗരൂർ പി.എച്ച്.സിയിലെത്തിയപ്പോഴാണ് സംഭവങ്ങൾ പുറത്തറിയുന്നത്. കഴിഞ്ഞദിവസം ആശുപത്രിയിൽ അജിയെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.