ജില്ലാ കമ്മിറ്റി അംഗസംഖ്യ 47ൽ നിന്ന് 46 ആകും
തിരുവനന്തപുരം: ഈ മാസം 14 മുതൽ 16 വരെ പാറശാലയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യത. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സി.പി.എമ്മും ഇടതുമുന്നണിയും തിളക്കമാർന്ന വിജയം നേടിയതും നേതൃതലത്തിൽ പുറമേയ്ക്ക് അസ്വാരസ്യങ്ങൾ പ്രകടമല്ലെന്നതുമാണ് ആനാവൂരിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ 2016ൽ മന്ത്രിയായ ഒഴിവിലേക്കാണ് ആനാവൂർ നാഗപ്പൻ ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. 2018ലെ സമ്മേളനത്തിൽ പൂർണ ചുമതലയിലെത്തി. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലെ അംഗസംഖ്യ 47ൽ നിന്ന് 46 ആയി കുറയ്ക്കുകയും ജില്ലാ സെക്രട്ടേറിയറ്റിലെ അംഗസംഖ്യ 11ൽ നിന്ന് 12 ആയി ഉയർത്തുകയും ചെയ്തേക്കും. ജില്ലാ കമ്മിറ്റിയിൽ കുറേ പേരെങ്കിലും ഇക്കുറി മാറുമെന്ന് സൂചനയുണ്ട്. 75 വയസ് പിന്നിട്ട രണ്ടുപേരുണ്ട് ജില്ലാ കമ്മിറ്റിയിൽ. പട്ടം ജി. വാമദേവനും ചെറ്റച്ചൽ സഹദേവനും. ഇവർക്ക് പുറമേ മറ്റുചിലർക്കും മാറ്റമുണ്ടാകാം. അന്തരിച്ച കാട്ടാക്കട ശശിയുടെ ഒഴിവുമുണ്ട്. യുവ, വനിതാ പ്രാതിനിദ്ധ്യം രണ്ടുവീതം ഉണ്ടാകണമെന്ന നിർദ്ദേശം കണക്കിലെടുത്തുള്ള മാറ്റങ്ങളും ഉണ്ടാകും. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, ശിശുക്ഷേമസമിതി മുൻ അദ്ധ്യക്ഷൻ എസ്.പി. ദീപക് തുടങ്ങിയവർ ജില്ലാകമ്മിറ്റിയിൽ എത്തുമെന്നും പ്രചരണമുണ്ട്. തിരുവല്ലം ശിവരാജൻ, എ.എ. റഷീദ് എന്നിവർ ആരോഗ്യപ്രശ്നങ്ങളാൽ വിശ്രമത്തിലായതിനാൽ ഇവർ തുടരുമോയെന്നതും ചോദ്യമാണ്. നെടുമങ്ങാട്, വിതുര ഏരിയാ സെക്രട്ടറിമാർ പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയേക്കാം.
 സെക്രട്ടേറിയറ്റിലും പുതുമുഖങ്ങൾ
11 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ ഇപ്പോൾ രണ്ട് ഒഴിവുകളുണ്ട്. അന്തരിച്ച കാട്ടാക്കട ശശിയുടെയും അരുവിക്കര തിരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിന്റെയും ഒഴിവുകളാണിവ. ഈ ഒഴിവുകൾ നികത്തുന്നതിന് പുറമേ ഒരാളെക്കൂടി പുതുതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തും. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്താൻ വി.കെ. മധു കാര്യമായി ശ്രമിക്കുന്നുണ്ട്. കരമന ഹരി, ഐ.ബി. സതീഷ്, ഡി.കെ. മുരളി, മടവൂർ അനിൽ, കെ.എസ്. സുനിൽകുമാർ തുടങ്ങിയവരുടെ പേരുകൾ സെക്രട്ടേറിയറ്റിലേക്ക് ഉയരുന്നുണ്ട്. ഒരു വനിത നിർബന്ധമെന്ന നിർദ്ദേശം പാലിക്കുമ്പോൾ എം.ജി. മീനാംബികയോ എസ്. പുഷ്പലതയോ എത്തിയേക്കാം.