
വർക്കല: വർക്കല പാപനാശം ബീച്ച് റോഡിലെ കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ നിന്നുള്ള ഇടറോഡ് തകർന്നു തരിപ്പണമായിട്ടും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡ് തകർന്നിട്ടും നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ല. നഗരസഭ ഭരണസമിതികൾ മാറിവരുമ്പോൾ വിവിധ സ്ഥലങ്ങളിലെ റോഡുകൾ നന്നാക്കുമ്പോൾ കിളിത്തട്ടുമുക്ക് വയലിൽ റോഡിന് മാത്രം ശാപമോക്ഷമായിട്ടില്ലെന്നാണ് ആക്ഷേപം.
മെയിൻ റോഡിൽ നിന്നുമിറങ്ങി വരുന്ന ഇടറോഡിലെ തുടക്കം മുതൽ തകർന്നു കിടക്കുകയാണ്. മെറ്റലും ടാറും പാടേ അപ്രത്യക്ഷമായി ഉരുളൻ കല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇടക്കാലത്ത് പാച്ച്‌വർക്ക് നടത്തിയത് ഒഴികെ, പത്ത് വർഷത്തോളമായി റോഡ് നവീകരണം നടത്തിയിട്ട്. ഇറക്കത്തിൽ ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞ് അപകടം ഉറപ്പാണ്.
ഓട്ടോറിക്ഷകൾ ഈ റൂട്ടിൽ സവാരി നടത്താൻ മടിക്കുന്നു. റോഡിന്റെ നിർമാണത്തിന് കുറഞ്ഞ തുക വകയിരുത്തിയതാണ് പുനർനിർമാണം വൈകാൻ കാരണമായതെന്നാണ് സ്ഥലത്തെ കൗൺസിലറുടെ നിലപാട്.
മുഴുവനായി ടാർ ചെയ്തു പുനർനിർമിക്കാൻ കൃത്യമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പകരം വാർഡ് തലത്തിൽ റോഡ് വികസനത്തിന് അനുവദിച്ച ആകെത്തുകയിൽ നിന്നുള്ള ഒരു വിഹിതമാണ് റോഡിനായി അനുവദിച്ചിട്ടുള്ളത്. റോഡിൽ തെരുവുവിളക്ക് കത്തിക്കാനും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.