വെളളറട: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ക്ഷീരകർഷകർക്ക് ഇടിത്തീയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ വരൾച്ച. വരൾച്ച നാൾക്കുനാൾ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ പുല്ലെല്ലാം കരിഞ്ഞുണങ്ങാൻ തുടങ്ങി. വെള്ളവും കിട്ടാനില്ല. പറമ്പിലെ പുല്ല് പറിച്ച് കൊടുക്കാമെന്ന് കരുതിയാലും പുല്ലും കിട്ടാനില്ല. വെള്ളത്തിന്റെ ലഭ്യതയും കുറ‌ഞ്ഞതോടെ പാൽഉത്പാദനം വളരെ കുറവാണ്. പുല്ല് പുറത്തുനിന്ന് വാങ്ങിക്കൊടുക്കാമെന്ന് കരുതിയാൽ അതിനും ചിലവേറും. ഒപ്പം കാലിത്തീറ്റയുടെ അടിക്കടിയുള്ള വലവ‌ർദ്ധന കൂടിയായതോടെ കർഷക‌ർ പ്രതിസന്ധിയിലാണ്. വേനൽ ഈനിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ .പാൽ ഉത്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദന ചെലവിനനുസരിച്ചുളള വിലകിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. ഉത്പാദിപ്പിക്കുന്ന പാൽ സഹകരണ സംഘങ്ങളിൽ നൽകിയാൽ പാലിന്റെ കൊഴുപ്പ് നോക്കിയുള്ള വിലയാണ് ലഭിക്കുന്നത്. ഇതുകാരണം പലപ്പോഴും ഉത്പാദന ചെലവിനുപോലും തികയുകയില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

വയ്ക്കോലും കിട്ടാനില്ല

മഴ കനത്തതിനാൽ പല പാടങ്ങളിലും കൃത്യമായി ക‌ൃഷിയിറക്കാൻ കർഷകർക്ക് കഴിഞ്ഞിരുന്നില്ല. നെൽകൃഷിയുടെ ഒന്നാം വിള പല പാടത്തും നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ വയ്ക്കോലിനും ക്ഷാമം നേരിടാൻതുടങ്ങി. ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുളള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനെക്കാൾ വയ്ക്കോലിന് കെട്ടിൻമേൽ പത്തുരൂപയിലേറെ വർദ്ധിച്ചു. എന്നാൽ ചെലവിനനുസരിച്ച് പാലിന് വിലയുമില്ല.

വെളളത്തിനും ബുദ്ധിമുട്ട്

തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. വയ്ക്കോലിന്റെ വിലക്കൂടുതൽ കാരണം കാലിയെ വളർത്താൻ കഴിയുന്നില്ല.

കടക്കെണിയിൽ ക‌ർഷകർ

ക്ഷീരോത്പാദനമേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ജീവിക്കാൻ ഒരുവരുമാനമെന്ന ചിന്തയിലാണ് പല ക‌ർഷകരും പശുക്കളെ വാങ്ങുന്നത്. ഇതിൽപലരും കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് കാലികളെ വാങ്ങുക. പശു പ്രസവിച്ചാൽ പാൽവിറ്റ് കടം വീട്ടാം എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ,​തൊഴിൽകൂലി, മരുന്നുകൾ,​ കാലിത്തീറ്റ തുടങ്ങിയവയുടെ ചെലവ് കൂടി കണക്കാക്കിയാൽ പണയപ്പെടുത്തിയ സ്വ‌ർണം പോലും തിരിച്ചെടുക്കാൻ പലർക്കും കഴിയാറില്ല.