idichakkaplamoodu-jn

പാറശാല: ബാലരാമപുരം മുതൽ അതിർത്തി പ്രദേശമായ കളിയിക്കാവിള വരെയുള്ള 18 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ട് മാസങ്ങളായി. റോഡപകടങ്ങളെ തുടർന്ന് നിരവധി ജീവനുകൾ പൊളിഞ്ഞെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരു നടപടികളും സ്വീകരിച്ചില്ല. കുഴികളിൽ പെട്ട് ഇരുചക്ര വാഹന യാത്രക്കാർ നിരന്തരം അപകടത്തിൽ പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായതോടെ യാത്രക്കാർ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി. കുഴികൾ അടയ്ക്കാത്തത് ഗതാഗതം തടസപ്പെടുന്നതിന് കാരണമാകും എന്നായപ്പോൾ സംസ്ഥാന സർക്കാരുടെ ആവശ്യപ്രകാരം കേന്ദ്ര സർക്കാർ രണ്ട് തവണയായി 50 ലക്ഷം രൂപ അനുവദിച്ചു. ഈ ഫണ്ടിൽ നിന്നാണ് സംസ്ഥാന സർക്കാർ കുഴികൾ അടയ്ക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചത്. തുടർന്ന് കുഴിയടയ്ക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും പണിയുടെ നടത്തിപ്പിലെ തകാരാറുകൾ കാരണം പകുതിയിലധികം കുഴികളും അടയ്ക്കാതെ ഉപേക്ഷിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കുഴികൾ നിറഞ്ഞ റോഡ് ടാറിംഗ് ചെയ്തപ്പോൾ കൂടുതൽ സഞ്ചാര യോഗ്യമല്ലാത്തതായി മാറി.

ടാറിംഗിലെ തകരാറുകൾ:

1. അനുയോജ്യമല്ലാത്ത മെറ്റൽ ഉപയോഗിച്ചതു കാരണം ചില കുഴികൾ അടഞ്ഞിട്ടില്ല, ചിലത് റോഡിൽ മുഴച്ച് നിൽക്കുന്നു.

2. കുഴികൾ അടയ്ക്കുന്ന ടാറിംഗ് പണികളുടെ നടത്തിപ്പ് രാത്രികാലങ്ങളിൽ ആയതിനാൽ മേൽനോട്ടത്തിനായി സർക്കാർ പ്രതിനിധികൾ ഇല്ലാത്തത് കോൺട്രാക്ടറുടെ ഇഷ്ടത്തിനനുസരിച്ച് നടത്തിയാൽ മതിയെന്നായി.

3. രാത്രി കാലത്തെ ടാറിംഗിൽ കുഴികൾ വ്യക്തമായി കാണാൻ കഴിയാത്തത് എല്ലാ കുഴികളും അടയ്ക്കാത്തതിന് മറ്റൊരു കാരണമായി.

4. കുഴി അടയ്ക്കൽ പണി പൂർത്തീകരിച്ചതായി കോൺട്രാക്ടർ റിപ്പോർട്ട് ചെയ്യുമ്പോഴും പല സ്ഥലത്തും യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.

അടയ്ക്കാതെ ഉപേക്ഷിച്ച കുഴികൾ എല്ലാംതന്നെ വൻ കുഴികളായിമാറി. ഇതോടെ ദേശീയപാതയിലെ വാഹന ഗതാഗതം വീണ്ടും അപകടക്കുഴികളിലൂടെ തന്നെയായി. റീ ടാറിംഗിനായി കേന്ദ്ര സർക്കാർ അനുവദിച്ച 22 കോടിയുടെ ഫണ്ട് നിലവിലുണ്ടെങ്കിലും ടാർ കിട്ടാനില്ല എന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പണി നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്.