1

കഴക്കൂട്ടം: തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിൽ നിർമ്മാണം ആരംഭിച്ച കഴക്കൂട്ടത്തെ ശാന്തിതീരം ഗ്യാസ് ശ്‌മശാനം പ്രവർത്തനസജ്ജമായില്ല. കെട്ടിട നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും യന്ത്രഭാഗങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് രണ്ടാം വ്യാപനത്തിൽ മരണനിരക്ക് കൂടുകയും സംസ്‌കാരച്ചടങ്ങുകൾക്ക് ജനം ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായപ്പോൾ ശ്‌മശാനം ഉടൻ പ്രവർത്തനസജ്ജമാക്കുമെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ഉറപ്പും പാഴായി. വി.കെ. പ്രശാന്ത് എം.എൽ.എ മേയറായിരിക്കെ 2019 ഫെബ്രുവരി മൂന്നിനാണ് ശാന്തിതീരത്തിന് തറക്കല്ലിട്ടത്.

ശ്‌‌മശാനത്തിൽ അടുപ്പുകളുടെ നിർമ്മാണവും തറയിടുന്ന ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. കെട്ടിടവും ചുറ്റുപാടും കാടുമൂടിയ അവസ്ഥയിലാണ്. കഴക്കൂട്ടം കാട്ടുകുളത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ശ്‌മശാനഭൂമിയിലെ 45 സെന്റിലാണ് ആധുനിക ശ്‌മശാനത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഉദ്യാനവും പാർക്കുമുൾപ്പെടെ 1.88 കോടി രൂപയാണ് നിർമാണച്ചെലവ്. 4500 ചതുരശ്ര അടി വിസ്‌തീർണത്തിൽ നിർമ്മിക്കുന്ന ശാന്തിതീരത്തി‌ൽ പാർക്കിംഗിന് പ്രത്യേക സൗകര്യവും ഉൾപ്പെടുത്തിയിരുന്നു. ആദ്യം വൈദ്യുത ശ്‌മശാനമാണ് ലക്ഷ്യമിട്ടതെങ്കിലും റെയിൽവേ ലൈനിനോട് ചേർന്നായതിനാൽ അനുമതി ലഭിച്ചിരുന്നില്ല.

ആധുനിക സംവിധാനങ്ങൾ

-----------------------------------------------------

ദുർഗന്ധമോ ചുടുകാടിന്റെ അന്തരീക്ഷമോ ഇല്ലാത്ത ശ്‌മശാനമാണ് ശാന്തിതീരത്തിൽ വിഭാവനം ചെയ്‌തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിച്ചുള്ളതാണിത്. മൃതദേഹം സംസ്‌‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും. എട്ട് സിലിണ്ടറുകളിൽ നിന്ന് ഒരേസമയം ഒരേ അളവിൽ ഗ്യാസ് കടത്തിവിട്ടാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുക. എട്ട് സിലിണ്ടർ ഉപയോഗിച്ച് 14 മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും. സംസ്‌കാര ചടങ്ങിനെത്തുന്നവർക്ക് ഇരിക്കാനും കർമ്മം നടത്താനും കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക മുറികളും ടോയ്ലെറ്റ്, വരാന്ത, ഓഫീസ് റൂം എന്നിവയുമുണ്ട്.

 നിർമ്മാണോദ്ഘാടനം - 2019 ഫെബ്രുവരി 3ന്

 പദ്ധതിത്തുക - 1.88 കോടി

ശ്‌മശാനത്തിന്റെ ഭാഗമായുള്ള ചിമ്മിനിയുടെ ഭാഗങ്ങൾ ചെന്നൈയിൽ നിന്നെത്തിച്ചിട്ടുണ്ട്. ചിമ്മിനി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകുന്ന മുറയ്‌ക്ക് ഗ്യാസ് സിലിണ്ടറുകളും അതുമായി ബന്ധപ്പെട്ട ബർണറുകളും മറ്റ്‌ യന്ത്രഭാഗങ്ങളുമെത്തിച്ച് രണ്ട് മാസത്തിനുള്ളിൽ ശ്‌മശാനം പ്രവർത്തന സജ്ജമാകും.

കവിത,​ കൗൺസിലർ