governer

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടില്ലെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരാണ് ഇടപെടൽ നടത്തിയതെന്ന് തനിക്കറിയില്ല. സിൻഡിക്കേ​റ്റ് യോഗം വിളിക്കാൻ വി.സിയോട് നിർദ്ദേശിച്ചിട്ടും അതുണ്ടായില്ല. കേരള സർവകലാശാലാ വൈസ്ചാൻസലർ നൽകിയ മറുപടിയിൽ നിന്ന് ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് മനസിലാക്കുന്നു. വൈസ് ചാൻസലറെ താൻ വിമർശിച്ചിട്ടില്ല. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുകയാണ് ചെയ്തത്. സിൻഡിക്കേ​റ്റ് യോഗം ചേരുന്നത് ചിലർ നിരസിക്കുകയായിരുന്നുവെന്നാണ് വൈസ്ചാൻസലർ തന്നോട് പറഞ്ഞത്. അതിനെയാണ് വിമർശിച്ചത്. രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളെ മാനിക്കാൻ എല്ലാവരും നിർബന്ധിതരാണ്. ദേശീയ സ്ഥാപനങ്ങളെ വച്ച് ആരും കളിക്കരുത്.

ധാർമ്മിക ഉത്തരവാദിത്വം ഏ​റ്റെടുത്ത് വി.സി രാജിവയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ധാർമ്മികത അദ്ദേഹവും തന്റെ ധാർമ്മികത താനുമാണ് തീരുമാനിക്കേണ്ടതെന്ന് ഗവർണർ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് ഒരുപാട് ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി. സർക്കാരിന് മ​റ്റാരെയെങ്കിലും ചാൻസലറായി നിയമിക്കാം. താൻ ചാൻസലറായി തുടർന്നാൽ ഒരു തരത്തിലുള്ള അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കില്ല. അക്കാഡമിക് കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും ഗവർണർ പറഞ്ഞു.