kovalam

കോവളം: വെള്ളായണി കായൽ നവീകരണത്തിനായി കോടികളുടെ ഭരണാനുമതി ലഭിച്ചിട്ടും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം പദ്ധതി നീളുന്നതായി പരാതി. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനുമായി രണ്ട് മാസം മുമ്പാണ് സർക്കാർ 96.5 കോടി അനുവദിച്ചത്. എന്നാൽ രണ്ട് മാസം കഴി‌ഞ്ഞിട്ടും പദ്ധതി നീട്ടികൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം.വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ നീർത്തടാകം സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കായലിൽ നിന്നും അഞ്ഞൂറോളം ലോഡ് പോളകളും ആഫ്രിക്കൻ പായലുകളുമാണ് ഇവിടെനിന്ന് നീക്കംചെയ്തത്. എന്നാൽ സർക്കാർ കോടികൾ കായൽ നവീകരണത്തിനായി മാറ്റിവച്ചിട്ടും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം കാരണം പദ്ധതി നീളുന്നതിൽ കായൽ സ്നേഹികൾക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്.

പദ്ധതികൾ ഏറെ, എന്നിട്ടും...

കാക്കമൂലയിലും വവ്വാമൂലയിലും വേർപിരിയുന്ന കായൽ ബന്ധിപ്പിക്കാനും വെള്ളായണി കായലിന്റെ പ്രധാന സ്രോതസ്സുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും ജലം മാലിന്യമുക്തമാക്കാനും കന്നുകാലിച്ചാൽ പള്ളിച്ചൽ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടർ സ്ഥാപിക്കാനും കായലിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ടൂറിസം വികസനത്തിന് വലിയ പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നത്. കൂടാതെ കായലിന്റെ ഇരുവശങ്ങളും മോടി പിടിപ്പിച്ച് ഭംഗിയാക്കി വോക്ക് വേയും സൈക്കിൽ ട്രാക്കും ദിവസേന 25000 വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു ലക്ഷ്യം. വെള്ളായണി കാർഷിക കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് വിനോദസഞ്ചാരികൾക്കായി പാർക്കിംഗ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കായലിന്റെ ചുറ്റുവട്ടത്തുള്ള മുഴുവൻ ബണ്ടു വാക്ക് വേ, സൈക്കിൾ ട്രാക്ക് വ്യൂ പോയിന്റ് ആയി വികസിപ്പിക്കാനും ബോട്ടിഗും വാട്ടർ സ്‌പോർട്‌സും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.

പായലും പുല്ലും മൂടി വെള്ളം

കായലിന്റെ പലഭാഗവും ഇപ്പോൾ പായലും പുല്ലും വളർന്ന് മൂടപ്പെട്ട അവസ്ഥയിലാണ്. വെള്ളത്തിനാണെങ്കിൽ ദുർഗന്ധവുമുണ്ട്. കായലിലെ പായലിന്റെ മൂട് അഴുകിയാണ് വെള്ളത്തിന് ദുർഗന്ധം ഉണ്ടാകുന്നതെന്നാണ് വിശദീകരണം. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കടവിൻമൂല, പനങ്ങോട്, നെല്ലിവിള, വെണ്ണിയൂർ എന്നീ വാർഡുകളിൽ വരുന്ന ഭാഗത്തെ കായൽ പൂർണമായും പായലും പുല്ലുമായി മൂടപ്പെട്ട നിലയിലാണ്. വിവിധ സ്ഥലങ്ങളിലെ ആയിരങ്ങളുടെ കുടിവെള്ള സ്രോതസിൽ പായൽ അഴുകി വെള്ളം ഉപയോഗശൂന്യമാകുന്ന സ്ഥിതിയാണ്. ഇങ്ങനെ പായൽ അഴുകുന്നത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നും ഇത് കായലിലെ ജൈവ ആവാസ വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും കായലിലെ മത്സ്യ സമ്പത്ത് കുറയാൻ ഇത് കാരണമാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.