പോത്തൻകോട്: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ പോത്തൻകോട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിൽ സംഘർഷം. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരവും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സജ്ജമാക്കിയിരുന്ന കോൺഗ്രസിന്റെ കമ്മറ്റി ഓഫീസും അടിച്ചുതകർത്തു. തുടർന്ന് ഇതിൽ പ്രതിഷേധിച്ച് പ്രകടനവുമായെത്തിയ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിമരം പുനഃസ്ഥാപിച്ചു. ഇരുപക്ഷവും ജംഗ്ഷനിൽ നിലയുറപ്പിച്ചതോടെ നെടുമങ്ങാട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്തിൽ കൂടുതൽ പൊലീസെത്തി ഇവരെ മടക്കിഅയച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.