krishnendhu

വിതുര: വിതുരയിൽ ദളിത് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. നെടുമങ്ങാട് ഗവൺമെന്റ്‌ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ആനപ്പാറ നാരകത്തിൻകാല ആർ.ബി. ഭവനിൽ രാധാകൃഷ്ണന്റെയും ബിന്ദുവിന്റെയും മകൾ കൃഷ്‌ണേന്ദുവാണ് (18) 10ന് രാവിലെ 11ഓടെ വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ കല്ലാർ 26ാം കല്ല് സ്വദേശി ആനപ്പാറ ചിറ്റാർ മേക്കുംകരവീട്ടിൽ ശ്രീനാഥാണ് (21) അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. മറ്റ് പെൺകുട്ടികളുമായി ശ്രീനാഥിന് ബന്ധമുള്ളതായി കൃഷ്‌ണേന്ദു അറിഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്‌നമുണ്ടായി. ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്. തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീനാഥുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

മരണവാർത്തയറിഞ്ഞ് വീട്ടിലെത്തി തന്ത്രപൂർവം കൃഷ്‌ണേന്ദുവിന്റെ ഫോൺ കൈക്കലാക്കി വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സംശയം തോന്നിയ നാട്ടുകാർ ശ്രീനാഥിനെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ്, ഗ്രേഡ് എസ്.ഐ സതികുമാർ, എ.എസ്.ഐമാരായ അൻസാറുദ്ദീൻ, സാജു, എസ്.സി.പി ഒ പ്രദീപ് എന്നിവർ ചേർന്നാണ് ശ്രീനാഥിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.