മലയിൻകീഴ്: മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിലൂടെയും പോങ്ങുംമൂട്-ചീനിവിള റോഡിലൂടെയും വഴിയാത്രക്കാർക്ക് സഞ്ചരിക്കാൻ അല്പം ബുദ്ധിമുട്ടാണ്. മറ്രൊന്നുമല്ല,​ ഈ പാതകളുടെ ഇരുവശവുമായി നിക്ഷേപിക്കുന്ന മാലിന്യം കാരണം മൂക്കുപൊത്താതെ വഴിനടക്കാൻ പറ്രാത്ത അവസ്ഥയാണ്. പ്രധാന റോഡുകളിലും ബണ്ട് റോഡിലും യാതൊരു നിയന്ത്രണവുമില്ലാതെ വാഹന, വഴി യാത്രക്കാർ മാലിന്യം നിക്ഷേപിക്കുന്നതിന് അറുതി വരുന്നതേയില്ല. ഇതുകാരണം പരിസരവാസികളും വളരെ ദുരിതത്തിലാണ്. കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിൽ ചാക്കുകളാക്കി കൊണ്ടിട്ട മാലിന്യം അഴുകി പരിസരപ്രദേശത്താകെ ദുർഗന്ധം പരത്തുകയാണ്.സമീപത്തെ കുഴയ്ക്കാട് ക്ഷേത്രത്തിലെത്തുന്ന നിരവധിപേർ നിത്യേന വരുന്നിടമാണ്. കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡ് ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയെങ്കിലും റോഡാകെ പൊളിഞ്ഞു. മാലിന്യവുമായപ്പോൾ യാത്രക്കാർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.

മേപ്പൂക്കട നിന്ന് ഗതാഗതക്കുരുക്ക് ഇല്ലാതെ പോങ്ങുംമൂട്, അണപ്പാട്, ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗ്ഗംകൂടിയാണ് ഈ റോഡ്. മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താൻ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

സർവം മാലിന്യം

കവറുകളാക്കി കൊണ്ടിടുന്ന മാലിന്യപ്പൊതികൾ തെരുവ്നായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നത് കാരണം അപകങ്ങൾക്കും കാരണമാകാറുണ്ട്. മലയിൻകീഴ് ഊരൂട്ടമ്പലം റോഡിലെ കൊടും വളവിൽ കൊണ്ടിടുന്ന മാലിന്യം തെരുവ്നായ്ക്കൾ കടിച്ചെടുത്ത് റോഡിലേക്ക് ചാടുന്നത് വാഹന യാത്രക്കാരെ അപകടത്തിലാക്കുന്നു. അണപ്പാട് പാലം ആരംഭിക്കുന്നത് മുതൽ പോങ്ങുംമൂട് വരെയുള്ള റോഡിന് ഇരുവശത്തും മാലിന്യമില്ലാത്തെ ഒരിടവുമില്ല.

പട്രോളിംഗ് വേണം

മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട, ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നാണ് പരാതി. ഇതുവഴി പൊലീസ് ജീപ്പ് വരാറില്ലത്രേ. അതുകൊണ്ടുതന്നെ മദ്ധ്യപൻമാർക്കും മാലിന്യം നിക്ഷേപിക്കാനെത്തുന്നവർക്കും ആരെയും ഭയപ്പെടേണ്ടതുമില്ല.മത്സ്യ- മാംസാവശിഷ്ടങ്ങളുൾപ്പെടെയുള്ളവ നിക്ഷേപിച്ച് ദുർഗന്ധം വമിച്ചിട്ടും അവ നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഈ റോഡിലൂടെ പൊലീസ് പെട്രോളിംഗ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ജലാശയവും മലനമാകുമ്പോൾ...

ചാക്കുകളിലാക്കി കൊണ്ടിടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മഹോത്സവത്തിന് ആറാടാനെത്തുന്നത് കുഴയ്ക്കാട് തോട്ടിലാണ്. കടുത്ത വേനൽക്കാലത്ത് പോലും നീരുറവ വറ്റാത്ത കുഴയ്ക്കാട് തോട് മാലിന്യനിക്ഷേപത്താൽ മലിനമാകുന്നതിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. കുളിക്കുന്നതിനും തുണി അലക്കാനും കൃഷിക്കും ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്. മാലിന്യം നീക്കംചെയ്യാതെ കിടക്കുന്നത് വഴിയാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.