
ചിറയിൻകീഴ്: ഒരു കാലത്ത് തെളിനീർ ഒഴുകിയിരുന്ന പെരുങ്ങുഴി നാലുമുക്ക് പാലയ്ക്കൽ പൊതുകുളം ഇന്ന് മലിനജല വാഹിനിയാണ്. കുളത്തിന്റെ ചുറ്റുമതിൽ പലയിടത്തും തകർന്ന് കിടക്കുകയാണ്. ഇതുവഴി മഴക്കാലത്ത് ധാരാളം മലിനജലം കുളത്തിലേക്ക് ഒഴുകിയെത്തും. മലിനജലം കെട്ടിക്കിടന്ന് പ്രദേശത്തുള്ളവർക്ക് സാംക്രമിക രോഗങ്ങൾ പിടിപെടുമോയെന്ന ഭയവും നാട്ടുകാർക്കുണ്ട്. പൊളിഞ്ഞ് കിടക്കുന്ന ഈ മതിൽ കെട്ടണമെന്ന ആവശ്യം അധികൃതരുടെ കനിവ് തേടി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിനുപുറമേ കുളത്തിന്റെ ചുറ്റുമതിലിന് പൊക്കം കൂട്ടണമെന്ന ആവശ്യവും നിലനിൽക്കുകയാണ്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾക്കുളള ഊർജ്ജിതമായ ശ്രമങ്ങൾ നടന്നുവരികയാണ്. ഈ കുളത്തിനെ നാശത്തിന്റെ പാതയിലേക്ക് വിടാതെ അടിയന്തര പ്രാധാന്യം നൽകി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുളത്തിലെ വെളളം കടന്നുപോകുന്ന ഓടയും നവീകരിക്കേണ്ടതുണ്ട്. ഇവിടെ അഴുക്കും മാലിന്യങ്ങളും ചേർന്ന് അടഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ സമീപ പ്രദേശത്തുളള പല നീർച്ചാലുകളും അടഞ്ഞ് കിടക്കുകയാണ്. അവയെല്ലാം പൂർവ്വ സ്ഥിതിയിലേക്ക് ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
റോഡും തകർന്നു
കുളത്തിന് സമീപത്ത് കൂടി പാലയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് ഇപ്പോൾ ദുർഘടാവസ്ഥയിലാണ്. ഇവിടെ നവീകരിച്ച് ടാറിംഗ് അടക്കം ചെയ്യണമെന്നാണ് ക്ഷേത്രത്തിലെത്തുന്നവരുടെയും നാട്ടുകാരുടെയും ആവശ്യം. അതുപോലെ ചിലമ്പിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡും പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇവിടെ പലപ്പോഴും കാൽനടയാത്ര തന്നെ ദുസ്സഹമാണ്. മഴക്കാലമായാൽ റോഡിൽ മുഴുവൻ വെളളം കെട്ടും. ദിവസങ്ങൾ കഴിയണം വെളളക്കെട്ട് ഒഴിയാൻ. ഇവിടം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം നിലനിൽക്കുകയാണ്.