വിതുര: തൊളിക്കോട് പഞ്ചായത്തിലെ ചായം വാർഡിന്റെ പരിധിയിൽപ്പെടുന്ന അരുവിക്കരമൂല ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരമായ മണലയം, ഞാനിക്കുന്ന്, കൊച്ചുകോണം, പുത്തൻവീട്, എട്ടാംകല്ല് തുടങ്ങിയ സ്ഥലങ്ങളിലെ ഇരുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ വലയുന്നു. ഇതോടെ പ്രശ്നം പരിഹരിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ആനപ്പെട്ടി ഭാഗത്തുനിന്ന് വരുന്ന പ്രധാന പൈപ്പ് ലൈൻ അരുവിക്കരമൂല മഹാത്മാ ജംഗ്ഷനിൽ അവസാനിക്കുന്നു. ഈ പൈപ്പ് ലൈൻ ചായം എട്ടാംകല്ല് വരെയെങ്കിലും നീട്ടണം എന്നുള്ള ആവശ്യവും ഇതുവരെ ഫലം കണ്ടിട്ടില്ല. ഇതിനായി മുട്ടാത്ത വാതിലുകളില്ല. മഹാത്മ, എട്ടാംകല്ല്, ഭൂതംകുഴി തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും വിവിധങ്ങളായ കൃഷി നടത്തുന്നതിനാൽ വയലിലെ ഓര് വെള്ളമാണ് സമീപത്തെ കിണറുകളിൽ നിന്ന് ലഭിക്കുന്നത്. ഇവിടെ കുഴൽക്കിണർ നിർമ്മിച്ചാലും ഓര് വെള്ളമാകും ലഭിക്കുക. കുടിവെള്ളം വിലകൊടുത്ത് വാങ്ങാനുള്ള സാമ്പത്തികശേഷി ഇവിടത്തെ സാധാരണക്കാരായ ജനങ്ങൾക്കില്ല. കൃഷിയും കന്നുകാലി വളർത്തലും പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ള ഇവിടത്തെ ആളുകൾക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. ഈ പ്രദേശത്തെ കുടിവെള്ളം പ്രശ്നം ചൂണ്ടാക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ അരുവിക്കരമൂല മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. വേനൽ മൂർച്ഛിക്കുമ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥ.
കുടിവെള്ള ക്ഷാമം രൂക്ഷം
മണലയം, ഞാനിക്കുന്ന്, കൊച്ചുകോണം, പുത്തൻവീട്, എട്ടാംകല്ല്
തോടുകളുണ്ടെങ്കിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭൂരിപക്ഷം പേരും കുളിക്കുന്നതിനും അലക്കുന്നതിനും സമീപത്തെ തോടുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വരൾച്ചാകാലം ആകുമ്പോൾ തോടുകളിലും കിണറുകളിലും ജലം പാടെ വറ്റും. ഈ സമയങ്ങളിൽ മഹാത്മാ ജംഗ്ഷനിലെ പൈപ്പിന് മുന്നിൽ നീണ്ട നിരയും കാണാനാകും. മിക്കപ്പോഴും പൈപ്പിലും ജലം ലഭിക്കാറില്ല. ഇത് ജനങ്ങൾ നേരിടുന്ന ജലക്ഷാമത്തിന് ആക്കംകൂട്ടിന്നു.