തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ 2020ലെ ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് വിഖ്യാത സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണനും 2021ലെ പുരസ്‌കാരത്തിന് പ്രശസ്ത ഗായിക കെ.എസ്. ചിത്രയും അർഹരായി. രണ്ട് ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മലയാള സിനിമയ്ക്കും ലോക സിനിമയ്ക്കും നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം നൽകുന്നത്. സംഗീത ലോകത്തിന് നൽകിയ സംഭാവനകളാണ് കെ.എസ്. ചിത്രയെ പുരസ്കാരത്തിന് അർഹയാക്കിയത്. ട്രസ്റ്റ് പ്രസിഡന്റ് ടി.പി. ശ്രീനിവാസൻ ചെയർമാനും മുൻ മന്ത്രി വി.എസ്. ശിവകുമാർ, മാനേജിംഗ് ട്രസ്റ്റി ടി. സതീഷ് കുമാർ, ശ്രീചിത്തിരതിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്. പുഷ്പവല്ലി എന്നിവർ അംഗങ്ങളായിട്ടുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജനുവരി 20ന് വൈകിട്ട് 4ന് പാളയം ബിഷപ് പെരേര ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ടി.പി.ശ്രീനിവാസൻ, വി. എസ്. ശിവകുമാർ, ടി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.