ll

വർക്കല: കുട്ടിക്കാലത്തെ കൂട്ടുകാർ ഒന്നിച്ച് സഹപാഠിക്കായി നിർമിച്ച വീട് കൈമാറി. വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1991 വർഷത്തെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കുട്ടിക്കാലം - 91 ആണ് സഹപാഠിക്ക് വീടൊരുക്കിയത്. കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപിച്ച 6.15 ലക്ഷം രൂപ ചെലവിട്ട് 410 ചതുരശ്രഅടി വിസ്തീർണത്തിലാണ് വീട് നിർമിച്ചത്.

വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ ‘കൂട്ടുകാരിക്കൊരു വീട് ' എന്ന പേരിൽ വീടിന്റെ താക്കോൽദാനച്ചടങ്ങ് നടന്നു. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷനായി. സ്‌കൂളിലെ പൂർവ അദ്ധ്യാപകർ ചേർന്ന് താക്കോൽ കൈമാറി. പൂർവ അദ്ധ്യാപകരെ ഗുരുദക്ഷിണ നൽകി ആദരിച്ചു. കുട്ടിക്കാലം കൂട്ടായ്മയിലെ അംഗമായ സന്തോഷാണ് കരാർ ഏറ്റെടുത്ത് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. സന്തോഷിനെയും ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ കൗൺസിലർ ആർ.അനിൽകുമാർ, കൂട്ടായ്മ അംഗങ്ങളായ ഡി.ഷിബി, അനീഷ് എന്നിവർ സംസാരിച്ചു. 1991 എസ്.എസ്.എൽ.സി ബാച്ച് 30 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും ഇതോടൊപ്പം നടന്നു.