കാട്ടാക്കട: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രിയിൽ പൂവച്ചലിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ പൂവച്ചലിൽ യൂത്ത്കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം.
കഴിഞ്ഞദിവസം രാത്രി നടന്ന സി.പി.എമ്മിന്റെ പ്രകടനത്തിനിടെ കോൺഗ്രസിന്റെയും യൂത്ത്കോൺഗ്രസിന്റെയും കൊടികളും ഫ്ളക്സ് ബോർഡുകളും അടിച്ചുതകർത്തിരുന്നു. സംഭവത്തിനുശേഷം പൂവച്ചൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോയും ഡി.വൈ.എഫ്.ഐ പൂവച്ചൽ ബ്രാഞ്ച് സെക്രട്ടറി വൈശാഖും സമൂഹമാദ്ധ്യമങ്ങളിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോയും പ്രവർത്തകരും പുതിയ ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ അതുവഴി ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറി വൈശാഖുമായി ഏറ്റുമുട്ടി. വൈശാഖ് കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് ജിജോയെയും കൈയിലുണ്ടായിരുന്ന തടിക്കഷണം കൊണ്ട് ജിജോ വൈശാഖിനെയും മർദ്ദിച്ചു. ഇരുവരുടെയും കൈയ്‌ക്കും തലയ്‌ക്കും പരിക്കേറ്റു.
സംഭവമറിഞ്ഞ് കാട്ടാക്കടയിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗം പ്രവർത്തകരെയും പറഞ്ഞുവിട്ടു. എന്നാൽ അറസ്റ്റുചെയ്യാതെ പിന്മാറില്ലെന്ന് ഇരുവിഭാഗവും പറഞ്ഞു. ഇതിനിടെ സംഭവമറിഞ്ഞ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതാക്കൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വൈശാഖ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ജിജോ കാട്ടാക്കട ആശുപത്രിയിലും ചികിത്സ തേടി. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിജോയെ കാട്ടാക്കട പൊലീസ് വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു.
പൂവച്ചലിൽ സമാധാനാന്തരീക്ഷം
പുനഃസ്ഥാപിക്കണം: കോൺഗ്രസ്
പൂവച്ചൽ: വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിച്ച് പൂവച്ചലിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് ജിജോമോനെ ഇന്നലെ രാവിലെ ഡി.വൈ.എഫ്.ഐ - സി.പി.എം നേതാക്കളെത്തി മർദ്ദിക്കുകയായിരുന്നു. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാറും മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴിയും ആവശ്യപ്പെട്ടു.
സമാധാനാന്തരീക്ഷം തകർക്കാൻ കോൺഗ്രസ് നീക്കം: സി.പി.എം കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് പൂവച്ചലിലും സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന വൈശാഖിനെ ജോലിക്ക് പോകാനെത്തുന്ന വഴിയിൽ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് ശ്രീകുമാർ പറഞ്ഞു. കുറ്റവാളിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും സി.പി.എം പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ ആവശ്യപ്പെട്ടു.