
ശിവഗിരി: ഗുരുദേവ തൃപ്പാദപൂജയിൽ മുഴുകി ജീവിച്ചയാളായിരുന്നു ശിവഗിരി മഠത്തിലെ അവസാന മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ഗുരുപ്രസാദ് പറഞ്ഞു. സ്വാമി ശങ്കരാനന്ദയുടെ സമാധിവാർഷികം പ്രമാണിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാഗുരുവിന്റെ മഹാസങ്കല്പ സാക്ഷാത്ക്കാരത്തിനായി പ്രവർത്തിച്ചവരായിരുന്നു നേർശിഷ്യ പരമ്പരയിലെ സന്യാസി ശ്രേഷ്ഠരെല്ലാം. ഗുരുദേവന്റെ അംശാവതാരങ്ങളെന്ന നിലയിലാണ് നേർശിഷ്യപരമ്പരയെ വിശേഷിപ്പിക്കാറുളളത്. എല്ലാപേരും മഹാത്മാക്കളും സിദ്ധരും കർമ്മയോഗികളുമായിരുന്നു. 1928ൽ ശ്രീനാരായണഗുരുദേവൻ ധർമ്മസംഘം രൂപീകരിക്കുമ്പോൾ അതിൽ ഉൾപെട്ടിരുന്ന ശിഷ്യന്മാരിലൊരാളാണ് സ്വാമി ശങ്കരാനന്ദ. ധർമ്മസംഘത്തിന് ഗുരുദേവൻ കല്പിച്ച മഠാധിപതി സമ്പ്രദായത്തിലെ അവസാന ശിഷ്യനുമായിരുന്നു. 1959ൽ ധർമ്മസംഘം ട്രസ്റ്റായി മാറിയതോടെയാണ് മഠാധിപതി സമ്പ്രദായം അവസാനിച്ച് പ്രസിഡന്റായത്.
ശ്രീനാരായണഗുരുദേവൻ സമാധി പ്രാപിക്കുന്നതിന് മുമ്പ് ശിഷ്യന്മാരായ കുമാരസ്വാമി സന്യാസി, സ്വാമി പൂർണ്ണാനന്ദ, സ്വാമി ശങ്കരാനന്ദ, പരവൂർ കേശവൻ എന്നിവരോട് ആഗ്രഹത്തെക്കുറിച്ച് ആരാഞ്ഞു. ജീവിതാവസാനം വരെ ഗുരുവിലുളള ഭക്തിയുണ്ടായിരുന്നാൽ മതിയെന്ന ആഗ്രഹമാണ് സ്വാമി ശങ്കരാനന്ദ പറഞ്ഞത്. അചഞ്ചലഭക്തിയോടെ തൃപ്പാദപൂജ ചെയ്ത് ജീവിച്ചയാളായിരുന്നു സ്വാമി ശങ്കരാനന്ദ. ശിവഗിരിയിൽ മഹാസമാധി മന്ദിരം നിർമ്മിക്കുന്നതിന് ഒരുപാട് ത്യാഗം ചെയ്തു. ഇടയ്ക്ക് മഹാസമാധി നിർമ്മാണം അനിശ്ചിതമായപ്പോൾ ഉപവാസം അനുഷ്ടിക്കാൻ പോലും തയ്യാറായി. 1968ൽ മഹാസമാധി മന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠ നടത്തിയതും സ്വാമി ശങ്കരാനന്ദയായിരുന്നുവെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു. സമാധി വാർഷികം പ്രമാണിച്ച് രാവിലെ പൂജ, വൈകുന്നേരം വിശേഷാൽപൂജ, പ്രാർത്ഥന എന്നിവയും നടന്നു.