1

വിഴിഞ്ഞം: മത്സ്യബന്ധന തീരവും പരിസരവും ഇനി കാമറാ നിരീക്ഷണത്തിൽ. ഫിഷറീസ് വകുപ്പ് നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിച്ചത്. ഫിഷറീസ് ഡയറക്ടറേറ്റിലും വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസിലും മോണിറ്ററുകൾ സ്ഥാപിച്ചു. കടൽ സുരക്ഷ, തീരസുരക്ഷ തുടങ്ങിയവ മുൻനിറുത്തിയാണ് കാമറകൾ സ്ഥാപിച്ചതെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. വിഴിഞ്ഞത്തെ കൂടാതെ പൊന്നാനി, ശക്തികുളങ്ങര എന്നിവടങ്ങളിലും കാമറകൾ സ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയ്ക്ക് വിഴിഞ്ഞത്ത് കാമറകൾ സ്ഥാപിക്കുന്ന പണികൾ പൂർത്തിയായി. 2 റിവോൾവിംഗ് കാമറകൾ ഉൾപ്പെടെ 30 കാമറകളാണ് വിഴിഞ്ഞത്ത് സ്ഥാപിച്ചത്. നൈറ്റ് വിഷനും ആട്ടോ സൂം സംവിധാനവുമുള്ള കാമറകളാണ് വിഴിഞ്ഞത്തും പരിസരത്തുമായി പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും ഡയറക്ടറേറ്റിലും വിഴിഞ്ഞത്തും നിരീക്ഷണമുണ്ടാകും. കാമറകളുടെ മോണിറ്റർ ലിങ്ക് കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും നൽകുമെന്ന് അധികൃതർ പറഞ്ഞു. 1 കോടി 30 ലക്ഷം രൂപയാണ് കാമറകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് വിഴിഞ്ഞത്തെ ഫിഷറീസ് വകുപ്പിനെ കൂടാതെ വിഴിഞ്ഞം പ്രദേശത്തെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താനും ഈ കാമറകൾ ഉപകരിക്കും.